Site iconSite icon Janayugom Online

മുകല്ല തുറമുഖത്ത് സൗദി അറേബ്യയുടെ ബോംബാക്രമണം; യെമനിൽ അടിയന്തരാവസ്ഥ

യെമനിലെ തുറമുഖ നഗരമായ മുകല്ലയിൽ സൗദി അറേബ്യ ബോംബാക്രമണം നടത്തി. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) നിന്ന് വിഘടനവാദി സേനയ്ക്കായി ആയുധങ്ങൾ എത്തിച്ചുവെന്നാരോപിച്ചാണ് സൗദിയുടെ ഈ അപ്രതീക്ഷിത നടപടി. ആക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുഎഇയുടെ പിന്തുണയുള്ള സതേൺ ട്രാൻസിഷണൽ കൗൺസിലും സൗദി അറേബ്യയും തമ്മിലുള്ള ഭിന്നത വീണ്ടും രൂക്ഷമാകുന്നതിന്റെ സൂചനയായാണ് ഈ സൈനിക നീക്കം വിലയിരുത്തപ്പെടുന്നത്.

യുഎഇയുടെ കിഴക്കൻ തീരത്തുള്ള ഫുജൈറയിൽ നിന്നുള്ള കപ്പലുകൾ മുകല്ലയിൽ എത്തിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്ന് സൗദി പ്രസ് ഏജൻസി വ്യക്തമാക്കി. രാത്രിയിൽ നടത്തിയ ആക്രമണത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വിഘടനവാദികളുടെ നീക്കങ്ങൾ മേഖലയിൽ സൗദിയും യുഎഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകൾ വീഴ്ത്തിയിട്ടുണ്ട്. സ്വാധീനത്തിനും ബിസിനസ് താൽപ്പര്യങ്ങൾക്കുമായി സൗദിയും അബുദബിയും തമ്മിൽ സമീപകാലത്ത് നിലനിൽക്കുന്ന മത്സരത്തിന്റെ പ്രതിഫലനം കൂടിയാണ് ഈ പുതിയ സംഘർഷം.

Exit mobile version