Site iconSite icon Janayugom Online

പത്തൊമ്പത് വര്‍ഷമായി അമേരിക്കന്‍ ജയിലില്‍ കഴിഞ്ഞ സൗദി പൗരന്‍ ജന്മനാട്ടിലേക്ക്

പത്തൊമ്പത് വര്‍ഷമായി അമേരിക്കന്‍ ജയിലില്‍ കഴിഞ്ഞ സൗദി പൗരന്‍ ഹൂമൈദാന്‍ അല്‍ തുര്‍ക്കി ജന്മനാട്ടിലേക്ക് തിരിച്ചു. ഇന്തൊനീഷ്യന്‍ വീട്ടുജോലിക്കാരിയെ ആക്രമിച്ച കേസിലാണ് ഹുമൈദാന്‍ അല്‍ തുര്‍ക്കിക്ക് 19 വര്‍ഷം അമേരിക്കയില്‍ ജയിലില്‍ കഴിയേണ്ടിവന്നത്.മൂന്നു മാസം മുമ്പ് മോചിതനായ ഇയാള്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് സൗദിയിലേക്ക് മടങ്ങിയത്. ഞങ്ങളുടെ പിതാവ് ഹുമൈദാന്‍ അല്‍ തുര്‍ക്കി വീട്ടിലേക്ക് മടങ്ങുകയാണ്.

സര്‍വശക്തനായ ദൈവത്തിന് ആദ്യം നന്ദി പറയുന്നു, തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നന്ദി അറിയിക്കുന്നു. തിരിച്ചുവരവില്‍ കാര്യമായ ഇടപെടല്‍ നടത്തിയ സൗദി അമേരിക്കന്‍ എംബസിക്കും അഭിനന്ദനം. ഹുമൈദാന്‍ അല്‍ തുര്‍ക്കിയുടെ മകന്‍ തുര്‍ക്കി സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചു. ഉപരിപഠനത്തിന് ഭാര്യക്കും മക്കള്‍ക്കുമൊപ്പം അമേരിക്കയിലായിരുന്ന സമയത്ത് ഇന്തൊനീഷ്യന്‍ വീട്ടുജോലിക്കാരിയെ ആക്രമിച്ചതിനും നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചതിനുമാണ് ഹുമൈദാന്‍ അല്‍ തുര്‍ക്കിയെ അറസ്റ്റ് ചെയ്തത്. 2006‑ലായിരുന്നു അറസ്റ്റ്.

താന്‍ നിരപരാധിയാണെന്ന് ഹുമൈദാന്‍ അല്‍ തുര്‍ക്കി വാദിച്ചു. 2001 സെപ്റ്റംബര്‍ 11‑ന് അമേരിക്കയില്‍ അല്‍ ഖാഇദ നടത്തിയ ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഹുമൈദാന്‍ അല്‍ തുര്‍ക്കിയുടെ കേസും വിവാദമായി. അല്‍ ഖാഇദ ഭീകരാക്രമണ കാരണത്താല്‍ അമേരിക്കയിലുണ്ടായ മുസ്ലീം വിരുദ്ധ വികാരത്തിന്റെ ഇരയാണെന്നായിരുന്നു ഹുമൈദാന്റെ വാദം. മെയ് 9‑ന് ഹുമൈദാന്‍ അല്‍ തുര്‍ക്കിയെ കുറ്റവിമുക്തനാക്കി. 

Exit mobile version