വനിതകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നവരെന്ന അപഖ്യാതി തകര്‍ത്ത് വീണ്ടും സൗദി അറേബ്യയുടെ തിളക്കം. ഇതാദ്യമായി ബഹിരാകാശത്തേക്ക് വനിതയെ അയയ്ക്കാനുള്ള ഒരുക്കത്തിലാണ് സൗദി. ബഹിരാകാശയാത്രികയായ റെയ്യാന ബർനാവിയാണ് ഈ താരം. 2023 ന്റെ രണ്ടാം പാദത്തിൽ റെയ്യാന, സൗദി അലി അൽ കർണിയുമായി 10 ദിവസത്തെ ദൗത്യത്തിൽ ചേരുമെന്ന് സൗദി അറേബ്യ അറിയിച്ചു. സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയോം സ്പേസിന്റെ ദൗത്യത്തിന്റെ ഭാഗമായി ബർണവിയും അൽ കർണിയും സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ഐഎസ്എസിലേക്ക് പറക്കും. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റാണ് എക്സ്-2 വിക്ഷേപിക്കുന്നത്.
മുൻ കാലങ്ങളിൽ സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കുന്ന രാജ്യമായാണ് സൗദി അറേബ്യ അറിയപ്പെട്ടിരുന്നത്. ഏറ്റവും കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളുമായിരുന്നു, പലകാര്യങ്ങളിലും ഇവിടെ. ബഹിരാകാശ ദൗത്യത്തോടെ സൗദ്യയുടെ നയങ്ങള്‍ക്ക് ലോകമാനം കൈവരും. ഈ പദ്ധതിയെ തന്റെ സർക്കാർ പൂർണമായി പിന്തുണയ്ക്കുന്നതായി സൗദി സ്പേസ് കമ്മിഷൻ ചെയർമാൻ അബ്ദുല്ല അൽ സ്വാഹ പറഞ്ഞു. കമ്മിഷൻ തലവൻ മുഹമ്മദ് അൽ-തമീമി, പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇത് രാജ്യത്തെ ഗണ്യമായ പുരോഗതി കൈവരിക്കാൻ പ്രാപ്തമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. 1985ൽ രാജ്യത്തിന്റെ കിരീടാവകാശി സുൽത്താൻ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ഒരു വ്യോമസേന പൈലറ്റിനെ യുഎസ് ദൗത്യത്തിൽ ഒപ്പമയച്ചിരുന്നു. ബഹിരാകാശ യാത്ര നടത്തുന്ന ആദ്യത്തെ അറബ് മുസ്ലീം രാജ്യമായി അന്ന് സൗദി മാറി.
English Sammury: Saudi Arabia will send its first ever woman astronaut on a space mission later this year