Site icon Janayugom Online

25000 പേരെ വെട്ടിനിരത്തി എസ്ബിഐ; പുറംകരാര്‍ നല്‍കുന്നത് വര്‍ധിപ്പിച്ചു

SBI

അഞ്ച് വര്‍ഷത്തിനിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വെട്ടിനിരത്തിയത് 25,000 ജീവനക്കാരെ. അതേസമയം പുറംകരാര്‍ ജോലികള്‍ നല്‍കുന്നത് വര്‍ധിക്കുകയും ചെയ്തു. ഓരോ വര്‍ഷവും 5000 ജീവനക്കാരെ വീതം കുറച്ചുകൊണ്ടുവരുന്നുണ്ട്. 2023ല്‍ ഇത് 8,392 ആയി ഉയര്‍ന്നെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിന്റെ ആസ്തി പെരുകുന്തോറും തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ തുടങ്ങിയത് 2019 മുതലാണ്.
2024 മാര്‍ച്ച് 31വരെ 2,32,296 ജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്. 2019 സാമ്പത്തിക വര്‍ഷത്തില്‍ 2,57,252 ജീവനക്കാരുണ്ടായിരുന്നു. അന്ന് ബാങ്കിങ് മേഖലയില്‍ പിരിച്ചുവിടല്‍ ഏറ്റവും കുറവ് എസ്ബിഐയിലായിരുന്നു. എന്നാല്‍ 2024 ആയപ്പോഴേക്കും പത്തുശതമാനത്തോളം ജീവനക്കാരെ ബാങ്ക് വെട്ടിനിരത്തിയിട്ടുണ്ട്.
2020ല്‍ ഒരു ജീവനക്കാരന്‍ 5.8 ലക്ഷം രൂപയാണ് ലാഭം ഉണ്ടാക്കിക്കൊടുത്തതെങ്കില്‍ 2024 ആയപ്പോഴേക്കും 26.2 ലക്ഷമായി ഉയര്‍ന്നെന്ന് ബാങ്ക് പറയുന്നു. 2022–24 സാമ്പത്തിക വര്‍ഷങ്ങളില്‍ എസ്ബിഐയുടെ അറ്റാദായം 44 ശതമാനം വാര്‍ഷിക നിരക്കില്‍ വളര്‍ന്ന് 61,077 കോടിയായി. 

ഇക്കൊല്ലം ജീവനക്കാരുടെ ചെലവ് 24 ശതമാനം വര്‍ധിച്ച് 71,237 കോടിയായി. ശമ്പള പരിഷ്കരണത്തിനായി 13,387 കോടി രൂപ നല്‍കി. ഒറ്റത്തവണ നടപ്പാക്കുന്ന ശമ്പള പരിഷ്കരണ ചെലവുകള്‍ ഒഴികെ, 2025 മുതല്‍ ജീവനക്കാര്‍ക്കുള്ള ചെലവ് പ്രതിമാസം 500 കോടിയായി വര്‍ധിപ്പിക്കുമെന്ന് ബാങ്ക് പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തെ മൊത്തം ചെലവ് 65,000 കോടി മുതല്‍ 70,000 കോടി വരെയാകാമെന്നും മാനേജ്മെന്റ് കരുതുന്നു.
അതേസമയം സമീപ വർഷങ്ങളിൽ, ഇടപാടുകാരുടെ എണ്ണവും, ബിസിനസും പലമടങ്ങ് വർധിച്ചപ്പോഴും മതിയായ നിയമനം നടക്കുന്നില്ലെന്ന് എഐബിഇഎ അടക്കമുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരുടെ വിരമിക്കൽ, സ്ഥാനക്കയറ്റം, മരണം തുടങ്ങിയ കാരണങ്ങളാൽ ഉണ്ടാകുന്ന ഒഴിവുകൾ നികത്തുന്നില്ല. ക്ലറിക്കൽ, സബോർഡിനേറ്റ് കേഡറിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും ഓഫിസർമാരുടെ എണ്ണം വർധിപ്പിക്കാനും സർക്കാരിന്റെയും ബാങ്കുകളുടെയും ഭാഗത്തുനിന്നും ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നും ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു. നിലവില്‍ രണ്ട് ലക്ഷത്തോളം ഒഴിവുകൾ പൊതുമേഖലാ ബാങ്കുകളിൽ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 

എസ്ബിഐയുടെ ലാഭം വര്‍ധിച്ചതിനൊപ്പം ആസ്തി വരുമാനവും ഉയര്‍ന്നു. 2019 സാമ്പത്തിക വര്‍ഷത്തില്‍ ആസ്തി വരുമാന അനുപാതം 0.02 ശതമാനമായിരുന്നത് ഇക്കൊല്ലം 1.04 ശതമാനമായി വര്‍ധിച്ചു. ബാങ്ക് ഓഹരികള്‍ കഴിഞ്ഞ ആറ് മാസത്തിനിടെ സാധാരണയെക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. മേയ് 14 വരെയുള്ള ആറ് മാസത്തിനിടെ എസ്ബിഐ ഓഹരിവില 41 ശതമാനം വരെ ഉയര്‍ന്നു.

Eng­lish Sum­ma­ry: SBI laid off 25000 peo­ple; Increased outsourcing

You may also like this video

Exit mobile version