Site icon Janayugom Online

മൃഗസംരക്ഷണ ക്ഷീരമേഖലയിലെ കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ എസ് ബി ഐ വായ്പ

മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലെ കര്‍ഷകര്‍ക്ക് പ്രവര്‍ത്തനമൂലധനം കുറഞ്ഞ പലിശ നിരക്കില്‍ വായ്പയായി ലഭ്യമാക്കുന്ന പദ്ധതിക്ക് രൂപം കൊടുക്കുവാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും, സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പും കൈകോര്‍ക്കുന്നു. ഇതിനായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മില്‍മയുടെ മൂന്ന് മേഖല യൂണിയന്റെയും ചെയര്‍മാന്‍മാര്‍, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ധനസഹായം സംബന്ധിച്ച് വിവിധ പദ്ധതികള്‍ അവതരിപ്പിച്ചു.

ജൂണ്‍ ഒന്നു മുതല്‍ വായ്പ പദ്ധതിക്ക് തുടക്കം കുറിക്കും. ആദ്യഘട്ടത്തില്‍ 10000 കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കും. ക്ഷീരവരകസന വകുപ്പിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് (JLG) വിവിധ പദ്ധതികള്‍ക്കായി പരിശീലനവും, വായ്പാ സഹായവും ഇതിലൂടെ ലക്ഷ്യമിടുന്നു. നിലവില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അപേക്ഷ നല്‍കിയിട്ട് വായ്പ ലഭിക്കാത്ത കര്‍ഷകര്‍ക്ക് ആദ്യഘട്ടത്തില്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ വായ്പ ലഭ്യമാക്കും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അപേക്ഷ കൈകാര്യം ചെയ്യുന്നതിലുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഐ ടി അധിഷ്ഠിത സംവിധാനത്തിന് രൂപം കൊടുക്കും.

നിലവില്‍ മൃഗസംരക്ഷണ വകുപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭൂമിക ഡേറ്റാ ബേസ് അധിഷ്ഠിതമായി കര്‍ഷകരെ തിരിച്ചറിഞ്ഞ് യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിക്കാണ് രൂപം കൊടുക്കുന്നത്. ക്ഷീരകര്‍ഷകര്‍ക്ക് ഗുണമേന്മ ഒരു മാനദണ്ഡമാക്കി പാലിന് അധിക വില നല്‍കുന്നതിനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. കൂടാതെ മില്‍മയുടെ ഉത്പന്നങ്ങള്‍ വിതരണത്തിനായി മൊബൈല്‍ ഷോപ്പുകള്‍ വനിതാ സംരംഭകര്‍ക്ക് ആയി ആരംഭിക്കുവാന്‍ സഹായം നല്‍കുന്ന വിഷയവും എസ് ബി ഐയുടെ പരിഗണനയിലുണ്ട്. ഈ പദ്ധതിയുടെ ഏകോപനത്തിനായി എസ് ബി ഐ യുടെയും സര്‍ക്കാരിന്റെ പ്രതിനിധികള്‍ അടങ്ങുന്ന ഒരു ടാസ്‌ക് ഫോഴ്‌സിനും രൂപം നല്‍കി.

Eng­lish sum­ma­ry; SBI loans to farm­ers in the ani­mal hus­bandry and dairy sec­tor at low inter­est rates

You may also like this video;

Exit mobile version