Site icon Janayugom Online

ന്യൂനപക്ഷ പദവി: അഭിപ്രായം അറിയിക്കാത്തതില്‍ സുപ്രീം കോടതിക്ക് അതൃപ്തി

സംസ്ഥാന തലത്തിൽ ന്യൂനപക്ഷങ്ങളെ തിരിച്ചറിയുന്നത് സംബന്ധിച്ച് കേന്ദ്രത്തെ അഭിപ്രായം അറിയിക്കാത്തതില്‍ ആറ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമെതിരെ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. എന്തുകൊണ്ടാണ് ‘ഈ സംസ്ഥാനങ്ങൾ പ്രതികരിക്കാത്തത് എന്ന് വ്യക്തമല്ല. കേന്ദ്ര സർക്കാരിന് അവരുടെ പ്രതികരണങ്ങൾ നല്‍കാൻ ഞങ്ങൾ അവസാന അവസരം നൽകുന്നു, പരാജയപ്പെട്ടാൽ അവർക്ക് ഒന്നും പറയാനില്ലെന്ന് ഞങ്ങൾ അനുമാനിക്കും’ ജസ്റ്റിസുമാരായ എസ് കെ കൗൾ, എ എസ് ഓക്ക, ജെ ബി പർഡിവാല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ന്യൂനപക്ഷകാര്യ മന്ത്രാലയം അടുത്തിടെ സമർപ്പിച്ച തല്‍സ്ഥിതി റിപ്പോർട്ട് പ്രകാരം 24 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വിഷയത്തിൽ ഇതുവരെ അഭിപ്രായം രേഖപ്പെടുത്തിയതായി കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി വ്യക്തമാക്കി. കേന്ദ്രഭരണ പ്രദേശങ്ങൾ ഭരിക്കുന്നത് കേന്ദ്രമാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട അടുത്ത വാദം മാർച്ച് 21ന് കേൾക്കും. സംസ്ഥാന തലത്തിൽ ന്യൂനപക്ഷങ്ങളെ തിരിച്ചറിയുന്ന വിഷയത്തിൽ എല്ലാ സംസ്ഥാന സർക്കാരുകളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും കൂടിയാലോചന യോഗങ്ങൾ നടത്തിയിട്ടുണ്ടെന്നും 14 സംസ്ഥാനങ്ങൾ ഇതുവരെ തങ്ങളുടെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വർഷം നവംബർ 22ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

Exit mobile version