കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും ഗുണഫലം ലഭിക്കുന്ന പദ്ധതികള്‍ വനിതാവികസന കോര്‍പ്പറേഷനിലൂടെ നടപ്പാക്കുമെന്ന് വനിതാ ശിശുവികസന, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസിന്റെയും ലോണ്‍മേളയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വനിതാവികസന കോര്‍പ്പറേഷനെ കൂടുതല്‍ മികവിലേക്ക് എത്തിക്കുന്നതിനാണ് ശ്രമിച്ചുവരുന്നതെന്നും മന്ത്രി പറഞ്ഞു. വനിതാ വികസന കോര്‍പ്പറേഷന്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. സ്ത്രീകളെ സംരംഭം തുടങ്ങുന്നതിന് പ്രാപ്തരാക്കുന്നതിനും വനിതാവികസന കോര്‍പ്പറേഷന്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം സ്ത്രീകള്‍ക്ക് അത്യാവശ്യമാണ്. അതിനുള്ള പദ്ധതികളാണ് വനിതാ വികസന വകുപ്പിലൂടെ സ്ത്രീകളിലേക്ക് എത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.സ്ത്രീ സുരക്ഷാ ശാക്തീകരണ സഹായത്തിന്റെ ഭാഗമായി ഏത് വനിതയ്ക്കും 24 മണിക്കൂറും വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 181 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെട്ട് പരാതികള്‍ക്ക് ഉടനടി പരിഹാരം കാണാനാകും. നമ്മുടെ അടുത്ത വീടുകളിലെയോ അല്ലെങ്കില്‍ പരിചയക്കാരുടെയോ സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ എതിരേയുള്ള സത്യസന്ധമായ ഏത് പരാതികളും ഇത്തരത്തിന്‍ പരിഹരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്കായി 1.52 കോടി രൂപയാണ് ജില്ലയില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ വഴി നടത്തിയ വായ്പാ മേളയില്‍ ശനിയാഴ്ച വിതരണം ചെയ്തത്. വനിതകള്‍ക്കായി ആകെ 10 കോടി രൂപയുടെ വായ്പ ജില്ലയില്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം. അഞ്ചു കോടി രൂപ വായ്പയ്ക്കുള്ള അപേക്ഷകള്‍ നിലവില്‍ ലഭിച്ചിട്ടുണ്ട്. മൈക്രോഫിനാന്‍സ് വായ്പ, സ്വയംതൊഴില്‍ വായ്പ വിതരണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. കെ.എസ്.ഡബ്ല്യൂ.സി.ഡി ചെയര്‍പേഴ്‌സണ്‍ കെ.എസ്. സലീഖ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ സിന്ധു അനില്‍, എ. അഷറഫ്, കെ.എസ്.ഡബ്ല്യൂ.സി.ഡി മാനേജിംഗ് ഡയറക്ടര്‍ വി.സി. ബിന്ദു, മേഖലാ മാനേജര്‍ വി.വിപിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
English summary;Schemes for the benefit of women will be implemented through the Women’s Development Corporation; Minister of Health
you may also like this video;