Site iconSite icon Janayugom Online

അക്ഷരമുറ്റം നിറഞ്ഞു; എത്തിയത് 43 ലക്ഷം വിദ്യാർത്ഥികൾ

കോവിഡ് ദിനങ്ങളെ അതിജീവിച്ച് വിദ്യാര്‍ത്ഥികളുടെ കളിചിരികളുമായി വിദ്യാലയങ്ങള്‍ വീണ്ടും സജീവമായി. കോവിഡിനെ തുടര്‍ന്ന് അടഞ്ഞുകിടന്ന വിദ്യാലയങ്ങള്‍ ഇടയ്ക്ക് തുറന്നെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം പൂര്‍ണതോതില്‍ അധ്യയനവര്‍ഷത്തിന് തുടക്കമാകുന്നത് ഇന്നലെയാണ്. എല്ലാ സ്കൂളുകളും താളമേളങ്ങളും മധുരവും സമ്മാനങ്ങളുമായി പ്രവേശനോത്സവം ആഘോഷമാക്കി.

പുതുതായി എത്തുന്നവരെ സ്വീകരിക്കാന്‍ മുതിര്‍ന്ന കുട്ടികള്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. സംസ്ഥാന, ജില്ലാ, ഉപജില്ലാ, സ്കൂൾ തലങ്ങളിൽ പ്രവേശനോത്സവം നടന്നു. സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 42.9 ലക്ഷം വിദ്യാർത്ഥികളാണ് ആദ്യദിനം സ്കുളിലെത്തിയത്. ഒന്നാം ക്ലാസിൽ നാല്‌ ലക്ഷം പേരും എത്തി.

ക്ലാസുകളാരംഭിക്കുന്നതിന് മുൻപു തന്നെ വിദ്യാർത്ഥികൾക്കായുള്ള പാഠപുസ്തകങ്ങളും യൂണിഫോമുകളും സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. നിലവിലെ കോവിഡ്‌ മാനദണ്ഡങ്ങളെല്ലാം സ്‌കൂളുകള്‍ക്ക് ബാധകമാണ്. വിദ്യാർത്ഥികളും അധ്യാപകരും മാസ്‌ക്‌ ധരിച്ചാണ് സ്കൂളില്‍ എത്തിയത്.

കോവിഡിന്റെ വ്യാപനം കുറഞ്ഞെങ്കിലും സംസ്ഥാനം ഇപ്പോഴും പൂർണ തോതിൽ കോവിഡിൽ നിന്നും മുക്തമല്ലാത്ത സാഹചര്യത്തില്‍ രോഗലക്ഷണങ്ങളുള്ളവർ ആരും തന്നെ സ്കൂളിൽ പോകരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സൗഹാർദപരവുമായ പഠനാന്തരീക്ഷം ഉറപ്പുനൽകുന്ന വിധത്തിൽ പൊലീസും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

വിദ്യാലയങ്ങള്‍ മതനിരപേക്ഷതയുടെ വിളനിലം: മുഖ്യമന്ത്രി

തിരുവനന്തപുരം: മതനിരപേക്ഷതയുടെ ഏറ്റവും വലിയ വിളനിലമാണ് വിദ്യാലയങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാലയം നാടിന്റെ മതനിരപേക്ഷ കേന്ദ്രമാണ്. ജാതിയോ മതമോ വിദ്യാലയങ്ങളിൽ കുഞ്ഞുങ്ങളെ വേർതിരിക്കുന്നില്ല. ശാസ്ത്രീയ ചിന്ത വളർത്തിയെടുക്കാൻ സ്‌കൂളുകൾ വലിയ തോതിൽ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish summary;school open­ing; Reached 43 lakh students

You may also like this video;

Exit mobile version