Site iconSite icon Janayugom Online

ഉത്തർപ്രദേശിൽ ഒൻപതാം ക്ലാസുകാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്കൂള്‍ പ്രിൻസിപ്പൽ; കേസെടുത്ത് പൊലീസ്

ഹാപ്പൂരിലെ ഒരു സ്കൂളിൽ ഒൻപതാം ക്ലാസുകാരിക്ക് നേരെ പ്രിൻസിപ്പൽ കൊലവിളി നടത്തിയെന്ന ആരോപണം. ഹാപ്പൂരിലെ പിൽഖുവ വി ഐ പി ഇന്റർ കോളജിലാണ് സംഭവം. വിദ്യാർത്ഥിനിയെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വിദ്യാർത്ഥിനി സുഹൃത്തിനൊപ്പം ക്ലാസ് മുറിക്ക് പുറത്ത് നിൽക്കുന്നത് പ്രിൻസിപ്പൽ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതിനെത്തുടർന്ന് വിദ്യാർത്ഥിനിയെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് മർദിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി.

പ്രചരിക്കുന്ന വീഡിയോയിൽ, പ്രിൻസിപ്പൽ ഓഫീസിനുള്ളിൽ രണ്ട് യുവതികളും പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നുള്ള ഒരു പുരുഷനും നിൽക്കുന്നത് കാണാം. പ്രിൻസിപ്പൽ തുടർച്ചയായി ചീത്ത വിളിക്കുകയും “നിനക്ക് എന്ത് വേണമെങ്കിലും ചെയ്യാം. ഞാൻ അവളെ കൊല്ലും. അവൾ എൻ്റെ കൈ പിടിച്ചാൽ ഞാൻ അവളെ കൊല്ലും” എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. “അവളൊരു കുഞ്ഞാണ്, നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയില്ല” എന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പ്രതികരിക്കുന്നുണ്ട്. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥിനിയുടെ കുടുംബം പിൽഖുവ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Exit mobile version