Site iconSite icon Janayugom Online

അധ്യാപകനുനേരെ കയ്യേറ്റശ്രമം; പ്രധാനധ്യാപകനുനേരെ സഹ അധ്യാപകന്‍ തോക്കുചൂണ്ടി

 

ലഖ്നൗ/ചെന്നൈ: ക്ലാസില്‍ ഇരുന്ന് ഉറങ്ങുന്നത് ചോദ്യം ചെയ്ത അധ്യാപകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് തമിഴ്‌നാട്ടിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍. സ്കൂളില്‍ നേരം വൈകിയെത്തിയതിനെ ചോദ്യം ചെയ്ത പ്രധാനധ്യാപകനുനേരെ തോക്കുചൂണ്ടി യുപിയിലെ പ്രൈമറി അധ്യാപകന്‍. രണ്ട് സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.

തമിഴ്‌നാട് തിരുപ്പത്തൂര്‍ ജില്ലയിലെ ആമ്പൂര്‍ മദനൂര്‍ സര്‍ക്കാര്‍ സ്കൂളിലെ ബോട്ടണി അധ്യാപകന്‍ സഞ്ജയ് ഗാന്ധിക്കാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ദുരനുഭവമുണ്ടായത്. മാരി എന്ന വിദ്യാര്‍ത്ഥി ക്ലാസിലിരുന്ന ഉറങ്ങുന്നത് അധ്യാപകന്‍ കണ്ടു. ഇത് ചോദ്യം ചെയ്യുന്നതിനൊപ്പം ഒപ്പമുണ്ടായിരുന്ന കുട്ടികളോട് റെക്കോ‍ഡ് ബുക്കുകള്‍ കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് പ്രകോപിതനായ ഒരു വിദ്യാര്‍ത്ഥി ആദ്യം എഴുന്നേറ്റ് ഗുണ്ടയെപ്പോലെ അധ്യാപകന്റെ അരികിലേക്ക് അടുത്തത്. അടിക്കുവാന്‍ കൈ ഓങ്ങുന്നതുവരെയുള്ള സംഭവങ്ങള്‍ വിദ്യാര്‍ത്ഥികളിലാരോ വീഡിയോയിലും പകര്‍ത്തി.

വീഡിയോ വൈറലായതോടെ ആര്‍ഡിഒയും റവന്യു ഉദ്യോഗസ്ഥരും പൊലീസിനൊപ്പം സ്കൂളിലെത്തി. അധ്യാപകനോടും കുട്ടികളോടും വിവരങ്ങളാരാഞ്ഞശേഷം വീഡിയോയില്‍ മുഖം തെളിഞ്ഞ മൂന്ന് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. അതിനിടെ സ്കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി യോഗം ചേര്‍ന്ന് അക്രമത്തിന് നേതൃത്വം നല്‍കിയ മാരി എന്ന വിദ്യാര്‍ത്ഥിയെ സ്കൂളില്‍ നിന്ന് പുറത്താക്കുവാനും തീരുമാനിച്ചു.

ഉത്തര്‍പ്രദേശ് ഇറ്റാഹ് സകിത് ബ്ലോക് മേഖലയിലെ ജലാല്‍പുര്‍സന്താലിലുള്ള സ്കൂളിലാണ് പ്രധാനധ്യാപകനുനേരെ വെടിയുണ്ട പാഞ്ഞത്. പ്രൈമറി അധ്യാപകന്റെ അതിക്രമം വീഡിയോവഴി സോഷ്യല്‍മീഡിയയില്‍ വൈറലായെങ്കിലും പ്രധാനനധ്യാപകന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അധ്യാപകനായ ദിഗേന്ദ്ര പ്രതാപ് സിങ്, പലപ്പോഴും സ്കൂളില്‍ എത്താറില്ല. ചൊവ്വാഴ്ച ഏറെ വൈകിയാണ് വന്നത്. മാത്രമല്ല, ഹാജര്‍ പുസ്തകത്തില്‍ നേരത്തെ ഹാജരാവാത്ത ദിവസങ്ങളിലെക്കൂടി ഒപ്പുവച്ചു. ഇത് ചോദ്യം ചെയ്ത പ്രധാനധ്യാപകനെ ഓഫീസ് മുറിയില്‍വച്ച് അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. പിന്നീടാണ് തോക്കുചൂണ്ടിയത്.

മൂന്ന് തവണ വെടിയുതിര്‍ത്തിട്ടുണ്ട്. ശബ്ദം കേട്ട് മറ്റ് അധ്യാപകരും വിദ്യാര്‍ത്ഥികളും പരിഭ്രാന്തരായി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എഡിഎം വിവേക് കുമാര്‍, അന്വേഷണത്തിന് ഉത്തരവിടുകയും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ സകീത് നീര്‍ജ ചതുര്‍വേദിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അദ്ദേഹം സ്ഥലത്തെത്തി അന്വേഷണം നടത്തി കുറ്റകൃത്യം ചെയ്ത പ്രൈമറി ക്ലാസ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ കേസെടുക്കാനും തോക്കിന്റെ ലൈസന്‍സ് റദ്ദാക്കുവാനും ഭരണകൂടത്തിന് കത്ത് നല്‍കിയതായി എഡിഎം വിവേക് കുമാര്‍ പറഞ്ഞു.

 

Eng­lish sum­ma­ry; Pulled up for com­ing late, UP school teacher shoots at headmaster

Exit mobile version