Site iconSite icon Janayugom Online

ഫിന്‍‌ലന്‍ഡിലെ സ്കൂൾ വിദ്യാഭ്യാസം — ഒരു രക്ഷിതാവിന്റെ അനുഭവക്കുറിപ്പുകൾ

പൂനെയിൽ ഫിൻലൻഡ്‌ മാതൃകയിൽ ഒരു സ്കൂൾ തുടങ്ങുന്നു എന്ന പത്ര വാർത്ത ഞാൻ ഫിൻലന്‍ഡിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ എന്റെ മകന് കാണിച്ചു കൊടുത്തു. പതിവ് പോലെ പരിഹാസ രൂപേണ എന്തോ പറഞ്ഞു അവൻ സ്ഥലം വിട്ടു. ആദ്യമൊക്കെ ഫിൻലൻഡിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ആവശ്യത്തിലേറെ പ്രകീർത്തിച്ചുള്ള വാർത്തകൾ കാണുമ്പോൾ “ഈ കള്ളമൊക്കെ ആര് എഴുതുന്നതാണ് ” എന്ന് പറഞ്ഞു അവൻ ദേഷ്യപ്പെടുമായിരുന്നു. വന്നു വന്നു ദേഷ്യം മാറി പുച്ഛം മാത്രമായിട്ടുണ്ട്.

അവനെ കുറ്റം പറയാൻ പറ്റില്ല. ഫിൻലണ്ടിലെ വിദ്യാഭ്യാസത്തെക്കുറിച്ച് വരുന്ന റിപ്പോർട്ടുകൾ ഒന്നോ രണ്ടോ കാര്യങ്ങൾ മാത്രം ഊതിപെരിപ്പിച്ചതും ഉപരിപ്ലവമായ നിരീക്ഷണങ്ങളിലൂന്നിയുള്ളവയുമാണ്. തെറ്റിദ്ധരിക്കരുത്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ സമ്പ്രദായം മികച്ചത് തന്നെയാണ്. അതേ സമയം വേറെ ഏതു നാട്ടിലെയും എന്ന പോലെ ഇവിടെയും ചില പോരായ്മകളും ഉണ്ട്.


ഭാഗം രണ്ട്; എല്ലു മുറിയെ പണിതാൽ


സാധരണയായി പറഞ്ഞു കേൾക്കാറുള്ളത് ”ഇവിടെ കുട്ടികൾക്ക് ഹോംവർക്ക് ഇല്ല”, ”കുട്ടികൾ കളിച്ചു നടക്കുകയാണ്”, ”പരീക്ഷകൾ ഇല്ല” എന്നൊക്കെയാണ്. ഇത് സത്യം തന്നെയാണ്; വളരെ ചെറിയ ക്ലാസ്സുകളിൽ ആണെന്ന് മാത്രം. ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും പത്തു മിനുറ്റിൽ ചെയ്തു തീർക്കാവുന്ന ഗൃഹപാഠങ്ങളെ ഉണ്ടാവൂ. അത് തന്നെ ടീച്ചറെയും വിദ്യാർത്ഥിയെയും അനുസരിച്ചു വ്യത്യാസപ്പെടാം. ആഴ്ചയിൽ ഇരുപതു മണിക്കൂർ മാത്രമേ കുട്ടികൾ ക്ലാസ്സിൽ ഇരിക്കേണ്ടതുള്ളൂ. മൂന്നാം ക്ലാസ്സുവരെ കുട്ടികളെ അളക്കാനുള്ള പരീക്ഷകൾ ഇല്ല. അത്രയും ശരിയാണ്. പക്ഷെ അതിനു ശേഷം അല്പാല്പമായി പഠനത്തിന്റെ അളവ് കൂടി വരും. ഞാൻ കേരളത്തിലെ സ്കൂളിൽ ആറാം തരത്തിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്നത്ര തന്നെ ഇവിടെ ആറാം ക്ലാസ്സിൽ പഠിക്കാനുള്ളതായാണ് എനിക്ക് തോന്നിയത്.

ഒന്നാം ക്ലാസ്സിൽ ആറുമാസം കഴിയുമ്പോഴേക്കും കുട്ടികൾ ഏതെങ്കിലും ഒരു ഭാഷയിൽ വായിക്കാൻ പ്രാപ്തിനേടുക എന്നത് സ്കൂളുകളുടെ ആദ്യത്തെ ലക്ഷ്യമാണ്. ഇക്കാരണത്താൽ ചില അധ്യാപകർ കുട്ടികളുടെ മേൽ തുടക്കത്തിൽ തന്നെ വളരെ സമ്മർദ്ദം ചെലുത്താറുണ്ട്. സ്കൂൾ വിദ്യാഭാസം എളുപ്പമല്ല എന്നൊരു തോന്നൽ ആദ്യമേ ഉണ്ടാകാൻ ഇത് ഇടയാക്കാം. പത്തു പതിനൊന്നു പന്ത്രണ്ടു ക്ലാസുകൾ ആണ് ഹൈ സ്കൂൾ. ഒമ്പതാം ക്ലാസ്സിൽ മിഡിൽ സ്കൂൾ കഴിയുന്ന എല്ലാവര്‍ക്കും ഹൈ സ്കൂളിൽ അഡ്മിഷൻ കിട്ടില്ല. ഒമ്പതാം ക്ലാസ്സിന്റെ മാർക്ക് അനുസരിച്ചാണ് ഹൈസ്കൂളിലേക്കു പ്രവേശനം. കനത്ത മത്സരമുണ്ട്. ഏഴാം ക്ലാസ്സു മുതൽ ഉള്ള പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഒമ്പതാം ക്ലാസ്സിലെ അവസാന മാർക്കു ലഭിക്കുന്നത്. അത് കൊണ്ട് ഏഴാം ക്ലാസ്സു മുതൽ വലിയ സമ്മർദ്ദത്തിലാണ് വിദ്യാർത്ഥികളും മാതാപിതാക്കളും. ഹൈ സ്കൂളിൽ പ്രവേശനം കിട്ടിയില്ലെങ്കിൽ പോളിടെക്‌നിക്കുകൾ പോലെയുള്ള തൊഴിലധിഷ്ഠിത വിദ്യ നേടാനുള്ള സ്ഥാപനങ്ങൾ, പഠനത്തിൽ മോശമായവർക്ക് ചെയ്യാവുന്ന പത്താം ക്ലാസ്സിനു തുല്യമായ ക്ലാസുകൾ എന്നിവയൊക്കെയുണ്ട്. പക്ഷെ അതോടെ യൂണിവേഴ്സിറ്റി ഡിഗ്രി നേടാനുള്ള സാധ്യതകൾ വളരെ കുറയും.


ഭാഗം മൂന്ന്;  ഭാഷയും കുടിയേറ്റക്കാരുടെ പ്രശ്നങ്ങളും


 

ഒരു ഇന്ത്യക്കാരി എന്ന നിലയിൽ ഇത് എനിക്ക് സ്വീകാര്യമായി തോന്നിയില്ല. നാട്ടിൽ ഒരു വിദ്യാർത്ഥി ഒമ്പതാം ക്ലാസ്സിലോ പത്താം ക്ലാസ്സിലോ തന്നെ എഴുപതു ശതമാനത്തിൽ കുറവ് മാർക്കു നേടിയാൽ ആ വിദ്യാർത്ഥിക്ക് പ്ലസ് ടൂവിനും യൂണിവേഴ്‌സിറ്റിയിലും പഠിക്കാനുള്ള അവസരങ്ങൾ ഇല്ലാതാകുമോ! ഇവിടെ നന്നായി പഠിക്കാൻ താല്പര്യമുള്ളവർക്കാണ് യൂണിവേഴ്സിറ്റി. അല്ലാത്തവർ വലിയ യോഗ്യതകൾ വേണ്ടാത്ത കുറഞ്ഞ വരുമാനം ഉള്ള ജോലികളിലേക്ക് ആ പ്രായം മുതലേ നയിക്കപ്പെടുന്നു. ഇതിനൊരു മറുവശം ഉള്ളത് ഏതെങ്കിലും പ്രായത്തിൽ പഠിക്കണം എന്ന് തോന്നിയാൽ അതിനുള്ള സംവിധാനങ്ങൾ ധാരാളം ഉണ്ടെന്നതാണ്. ചിലർ പല മേഖലകളും മാറി മാറി പരീക്ഷിക്കുന്നത് കാണാം.

(തുടരും)

Exit mobile version