ശാസ്ത്രമാണ് ആധുനിക ലോകത്തിന്റെ നിർമ്മാതാവ്. ആധുനിക ചിന്തയെന്നാൽ ശാസ്ത്രീയ ചിന്ത എന്നർത്ഥമാകുന്നു. പ്രകൃതിയെയും മനുഷ്യന്റെ അനുഭവങ്ങളെയും പറ്റി വസ്തുനിഷ്ഠമായി പഠിക്കയാണ് ശാസ്ത്രത്തിന്റെ ലക്ഷ്യം. വസ്തുക്കളെ തരംതിരിക്കുക, അവയുടെ ക്രമവും ആപേക്ഷിക പ്രാധാന്യവും അർത്ഥവും തിരിച്ചറിയുക ഇതാണ് ശാസ്ത്രധർമ്മം. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ പക്ഷപാതമില്ലാതെ വസ്തുക്കളെപ്പറ്റി വിവേകപൂർവം നിർണയം വരുത്തുന്ന സ്വഭാവമാണ് ശാസ്ത്രീയ സ്വഭാവം എന്ന് ഗ്രാമർ ഓഫ് സയൻസ് എന്ന ഗ്രന്ഥം പറയുന്നു. വിഖ്യാതനായ ജീവശാസ്ത്രജ്ഞന്‍ ജെ ആർതർ തോംസൺ ഇൻട്രൊഡക്ഷൻ ടു സയൻസ് എന്ന ഗ്രന്ഥത്തിൽ പറയുന്നത് ‘ശാസ്ത്രം ചില പ്രത്യേക വസ്തുക്കളാൽ ആവൃതമായിരിക്കുന്നില്ല. ബൗദ്ധികവീക്ഷണമാണ് അതിന്റെ ലക്ഷണം. വിശിഷ്ടമായ ഏതെങ്കിലും ഒരു അന്വേഷണ രീതി അതിനെ കെട്ടിവരിഞ്ഞിട്ടില്ല. കേവലം സത്യസന്ധവും വിമർശനാത്മകവുമായ ചിന്തയാണത്’ എന്നാണ്.
വെറും അഭിപ്രായങ്ങൾ, പരീക്ഷിക്കപ്പെടാത്ത വിശ്വാസങ്ങൾ, അടിച്ചേല്പിക്കപ്പെടുന്ന സിദ്ധാന്തങ്ങൾ, ആചാരങ്ങൾ തുടങ്ങിയവയ്ക്കെതിരായി സ്വതന്ത്രമായ അന്വേഷണ മനോഭാവം നേടിയ വിജയത്തിന്റെ ചരിത്രമാണ് കഴിഞ്ഞ ശതാബ്ദങ്ങളിലെ ശാസ്ത്ര ചരിത്രം. ‘ശാസ്ത്രത്തിന്റെ വിജയം അതിന്റെ ശത്രുവിന്റെ പരാജയമാണ്. ശാസ്ത്രത്തിനും അന്വേഷണത്തിനും എതിരെ പക്ഷപാതത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ശക്തികൾ പുറപ്പെട്ടത് മതത്തിൽ നിന്നു തന്നെയാണ്. ശാസ്ത്രത്തിന്റെ ജീവശ്വാസമായ യുക്തിചിന്ത മതത്തിന്റെ മരണമണിയായിത്തന്നെ ശാസ്ത്രജ്ഞർ കരുതിയിരുന്നു.’ (സ്വാമി രംഗനാഥാനന്ദ).
ഇതുകൂടി വായിക്കൂ: പുതുവർഷ ചിന്തകൾ
റീസൺ ആന്റ് റിലീജിയൻ എന്ന വിഷയത്തില്‍ സ്വാമി വിവേകാനന്ദൻ ഇംഗ്ലണ്ടിൽ ചെയ്ത പ്രസംഗം ഇക്കാലത്തും പ്രസക്തമാണ്. ‘അടിത്തറ തകർക്കപ്പെട്ടിരിക്കുന്നു. ആധുനിക മനുഷ്യൻ പരസ്യമായി എന്തും പറഞ്ഞുകൊള്ളട്ടെ, തന്റെ മനസിന്റെ ഉള്ളറകളിൽ അറിയുന്നുണ്ട്, തനിക്ക് ഇനിയും വിശ്വസിക്കാൻ സാധ്യമല്ലെന്ന്. ഒരു സംഘടിത സംഘം പുരോഹിതന്മാർ വിശ്വസിക്കാൻ ആവശ്യപ്പെടുന്നു, അതുകൊണ്ട് വിശ്വസിക്കുന്നു. ചില പുസ്തകങ്ങളിൽ എഴുതിവച്ചിരിക്കുന്നു, അതുകൊണ്ട് വിശ്വസിക്കുന്നു. സ്വജനങ്ങൾ താനങ്ങനെ വിശ്വസിക്കണമെന്നു കരുതുന്നു, അതുകൊണ്ട് വിശ്വസിക്കുന്നു. ഇതൊക്കെ അസാധ്യമാണെന്ന് ആധുനിക മനുഷ്യന് അറിയാം. സാധാരണങ്ങളായ വിശ്വാസങ്ങളെ ശാന്തമായി സ്വീകരിക്കുന്നവരുണ്ട്. പക്ഷെ അക്കൂട്ടർ ചിന്തിക്കുന്നില്ല എന്ന് നമുക്കറിയാം. ശാസ്ത്രത്തിലും മറ്റു ജ്ഞാനശാഖകളിലും നാം പ്രയോഗിക്കുന്ന അതേ അന്വേഷണ രീതികൾ മതശാസ്ത്രത്തിലും വേണമോ? എന്റെ അഭിപ്രായത്തിൽ അതങ്ങനെയായിരിക്കണം. എത്രകണ്ട് നേരത്തെ അതു ചെയ്യുന്നുവോ അത്രയും നല്ലത് എന്നാണ് എന്റെ അഭിപ്രായം. ഇത്തരം അന്വേഷണം മൂലം ഒരു മതം നശിക്കയാണെങ്കിൽ, അത് പ്രയോജനശൂന്യവും അനർഹവുമായ അന്ധവിശ്വാസം ആയിരുന്നിരിക്കണം’.
ഭാരതീയ ചിന്തകർ കണ്ടുപിടിച്ചിട്ടുള്ളത് മനുഷ്യർ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രണ്ട് രംഗങ്ങളുണ്ട് എന്നാണ്. ഒന്ന് ബാഹ്യവും മറ്റൊന്ന് ആന്തരികവും. വിവേകാനന്ദൻ അതിനെ ആന്തരികമായ സൂക്ഷ്മപ്രപഞ്ചം, ബാഹ്യമായ ബൃഹദ്പ്രപഞ്ചം എന്ന് പറഞ്ഞു. ഉപനിഷത്തുകള്‍ പറയുന്നത് മതമെന്നാല്‍ കെട്ടിപ്പിടിച്ച് വിശ്രമിക്കാനുള്ള ഒരു വിശ്വാസമല്ല, ആധ്യാത്മിക സാക്ഷാത്ക്കാരത്തിനുവേണ്ടിയുള്ള വ്യാകുലതയെ പ്രോജ്വലിപ്പിക്കുന്ന തീപ്പന്തമാണ് എന്നാണ്. ഇന്ന് ഭൂരിപക്ഷത്തിനും മാനസികാലസ്യത്തിന്റെ മറ്റൊരു പേരാണ് വിശ്വാസം.
ഉപനിഷത്തുകള്‍ സത്യമാണ് അന്വേഷിച്ചത്. സത്യം മാത്രമാണ് പ്രേരകശക്തി. സത്യം അറിയുക എന്നതായിരിക്കണം ജീവിത ലക്ഷ്യം. ശ്രീരാമകൃഷ്ണ പരമഹംസൻ പറയും ‘വേദങ്ങളിലും മറ്റു പവിത്ര ഗ്രന്ഥങ്ങളിലും ഈശ്വരനില്ല. അവയിൽ ഈശ്വരനെപ്പറ്റിയുള്ള വിവരണങ്ങളെയുള്ളു. മഴയെക്കുറിച്ച് മുൻകൂട്ടി പറയുന്ന പഞ്ചാംഗം പോലെയാണിവ. പഞ്ചാംഗം പിഴിഞ്ഞാൽ ഒരു തുള്ളി വെള്ളം കിട്ടുകയില്ല. അതുപോലെ പവിത്ര ഗ്രന്ഥങ്ങൾ പിഴിഞ്ഞാൽ ഈശ്വരനെ കിട്ടുകയില്ല. ഈശ്വരൻ ഏവരിലുമുള്ള ഒരേ ചൈതന്യമാകുന്നു.’
ഇതുകൂടി വായിക്കൂ: മനുഷ്യൻ, വസ്ത്രം, മതം
വേദാന്തത്തിന്റെ അഭിപ്രായത്തിൽ യുക്തി അഥവാ ബുദ്ധിയാണ് മനുഷ്യന്റെ ഏറ്റവും ഉജ്വലമായ സമ്പാദ്യം. അതിനെ ക്ഷീണിപ്പിക്കുന്നതൊന്നും ചെയ്യരുത്. ഇന്ന് മതം കച്ചവടച്ചരക്കായി. ദൈവം വാങ്ങാനും വിൽക്കാനുമുള്ള സാധനമായ അവസ്ഥയിലേക്ക് ഇന്ത്യൻ സമൂഹം എത്തി നിൽക്കുന്നു. ഇത് ആത്മീയതയല്ല.
ശാസ്ത്രം നമുക്കെന്നും ദോഷം ചെയ്തുവെന്നത് ഫാസിസ്റ്റുകളുടെ പ്രചാരണമാണ്. ശാസ്ത്രം മലിനീകരണമാണെന്ന വാദം അവർ വ്യാപകമായി പ്രചരിപ്പിക്കുന്നു. ശാസ്ത്രത്തിൽ നിന്നു പൗരാണികമായ മാർഗത്തിലേക്ക് മടങ്ങുകയാണ് നല്ലതെന്ന പ്രചാരണവും നിരന്തരം നടത്തുന്നു. ആപൽക്കരമായ ഒരു ചരിത്രസന്ധിയാണിത്. വിഖ്യാതനായ ശാസ്ത്രജ്ഞൻ പ്രഫുല്ല ചന്ദ്ര റായ് എഴുതിയ പ്രസിദ്ധ ഗ്രന്ഥമാണ് ഹിസ്റ്ററി ഓഫ് ഹിന്ദു കെമിസ്ട്രി. ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന അദ്ദേഹം ഇന്ത്യയിലെ ശാസ്ത്ര ബോധത്തിന്റെ തകർച്ചയ്ക്ക് നിലവിലുള്ള സാമൂഹ്യ സാഹചര്യങ്ങളാണ് പ്രധാന ഘടകമെന്ന് കണ്ടെത്തി. ശാസ്ത്രീയ ബോധം കുറയുന്നതിന്റെ പ്രധാന കാരണം, ജാതി വ്യവസ്ഥയുടെ അഗാധ സ്വാധീനമാണ്. ജാതിയുടെ അടിസ്ഥാനത്തിൽ സാങ്കേതിക വിദഗ്ധരും, കരകൗശല വിദഗ്ധരും മറ്റ് തൊഴിലാളികളും കാലാകാലമായി തരംതാഴ്ത്തപ്പെട്ടു. ബുദ്ധചിന്തകളെ നാട്ടിൽ നിന്ന് നിഷ്കാസനം ചെയ്ത് ബ്രാഹ്മണ മേധാവിത്തം രാജ്യത്ത് അധീശത്വം പുലർത്തിയതോടെയാണ് ഇത് തുടങ്ങിയത്. മനുവും പിന്നീടു വന്ന പുരാണങ്ങളും പുരോഹിത വർഗത്തെ പ്രകീർത്തിച്ചു, യുക്തിയെ അവഹേളിച്ചു.
ഇതുകൂടി വായിക്കൂ: ചവിട്ടിതാഴ്ത്തപ്പെട്ടവരുടെ കാലം വരും
ബ്രാഹ്മണ്യം പ്രചരിപ്പിച്ച കർമ്മസിദ്ധാന്തം ശാസ്ത്രവീക്ഷണത്തെ തടഞ്ഞു. കഴിഞ്ഞ ജന്മത്തിൽ ചെയ്ത കർമ്മമനുസരിച്ചായിരിക്കും ഇന്നത്തെ ജന്മത്തിൽ ഓരോരുത്തരും ഏതു വിഭാഗത്തിൽ ജനിക്കുന്നത് എന്ന പ്രാകൃതചിന്ത ശാസ്ത്ര ബോധത്തിന്റെ വളർച്ചയെ തടഞ്ഞുവെന്ന് പി സി റോയ് പറയുന്നുണ്ട്. ചാർവാകന്മാരെ കൂടുതൽ ശ്രദ്ധയോടെ ഇന്ത്യ കേട്ടിരുന്നെങ്കിൽ ഇന്ത്യയിലെ ശാസ്ത്ര ബോധവും ശാസ്ത്ര സാങ്കേതികവിദ്യയുടെ വികാസവും കൂടുതലായേനേ എന്നദ്ദേഹം കൃത്യമായി പറഞ്ഞു. ശാസ്ത്രം ഇന്നിപ്പോൾ ആണവശക്തിയിലേക്കും ബഹിരാകാശ യാത്രയിലേക്കും അന്യഗ്രഹ വാസത്തിലേക്കും, നിര്‍മ്മിത ബുദ്ധിയിലേക്കും ചെന്നെത്തിയിരിക്കുന്നു.
വിഭാഗീയതയും മൂഢമായ കടുംപിടിത്തവും അതിന്റെ ഭീകര സന്തതിയായ മതഭ്രാന്തും കൂടി ഈ സുന്ദരഭൂമിയെ ദീർഘകാലമായി കയ്യടക്കിയിരിക്കയാണ്. അവ ഭൂമിയെ അക്രമം കൊണ്ട് നിറച്ചിരിക്കുന്നു. സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു. ഉപരിപ്ലവമായ ഇന്നത്തെ മതങ്ങള്‍ പ്രവാചകരിൽ നിന്ന് എത്രയോ അകലെയാണ്. യഥാർത്ഥ മതത്തെ അന്വേഷിക്കുമ്പോൾ അവിടെ ഓരോ മനുഷ്യനിലുമുള്ള ആന്തരിക ചൈതന്യം കാണാം. അതാണ് മതശാസ്ത്രം. യുക്തിയാണ്, ചിന്തയാണ് മാനവരാശിയുടെ ജീവിതത്തിന്റെ ആധാരം. അതാണ് ശാസ്ത്രത്തിന്റെ സാഹോദര്യത്തിന്റെ, സമത്വത്തിന്റെ, സ്നേഹത്തിന്റെ വഴി.