26 April 2024, Friday

സമരങ്ങളുടെ അനിവാര്യത

അജിത് കൊളാടി
വാക്ക്
November 6, 2021 5:37 am

അജിത് കൊളാടി

പഴയ റോമാ സാമ്രാജ്യത്തിന്റെ കഥ പറയുകയല്ല. നീറോ ചക്രവർത്തിയെ കേട്ടിട്ടുണ്ടല്ലൊ നാം. ആ ചക്രവർത്തിയോട് മത്സരിക്കാൻ ബദ്ധപ്പെടുന്ന ഹൃദയശൂന്യർ ഇന്ന് നാട്ടിൽ ധാരാളം ഉണ്ട്. അധികാരത്തിനു വേണ്ടിയും സ്വന്തം നിലനിൽപിനു വേണ്ടിയും ഇവർ ചെയ്യാൻ മടിക്കാത്ത ഒരു പാതകവും മനുഷ്യൻ ഇന്നോളം കണ്ടുപിടിച്ചിട്ടില്ല. പ്രവാചകരും ഗാന്ധിജിയും ഗുരുദേവനും മഹാപുരുഷന്മാരാണെങ്കിൽ ലോകത്തിലെ ഘാതക ചക്രവർത്തിമാരിൽ അഗ്രാസനാർഹരാണ് നീറോ മാതൃക സ്വീകരിച്ചവർ. ദുഷ്ടക്കൂട്ടത്തെ നശിപ്പിക്കാൻ ഈശ്വരൻ ‘യുഗേ യുഗേ’ അവതരിക്കുമെന്നത് ഭാരതീയ വിശ്വാസങ്ങളിൽ ഒന്നാണ്. എന്നാൽ നന്മയെ നശിപ്പിക്കാൻ മനുഷ്യദ്രോഹികൾ അവതരിക്കും. രണ്ടാമത് പറഞ്ഞ അവതാരങ്ങളാണ് ഇന്ന് ലോകത്ത് വന്നുകൊണ്ടിരിക്കുന്നത്. അധികാരത്തിൽ ജീവിതാവസാനംവരെ കഴിഞ്ഞുകൂടാനുള്ള അത്യാഗ്രഹത്തിൽ (ലോകാവസാനം വരെ തുടരണമെന്നുള്ള ആഗ്രഹത്തെ സങ്കടത്തോടെയാണ് ഇവർ ഉപേക്ഷിച്ചത്), അഭ്യാസങ്ങൾ കാട്ടിക്കൂട്ടി ഒടുവിൽ മനുഷ്യ ജീവനെ കീടതുല്ല്യമായി കാണുന്ന നൃശംസതയിലേക്ക് നമ്മുടെ രാജ്യഭരണകര്‍ത്താക്കള്‍ കുതിച്ചു പായുകയാണ്.

രാഷ്ട്രീയ അധികാരത്തിൽ ഈ സാഡിസത്തിന്റെ രസതന്ത്രം തന്നെ മാറുന്നു. സ്റ്റേറ്റിന്റെ അധികാരവുമായി ഇടപെടാൻ അവസരം ലഭിക്കുന്ന പല രാഷ്ട്രീയ നേതൃത്വവും അതിനെ തങ്ങളുടെ കൈപ്പിടിയിലൊതുക്കി, തങ്ങ­ൾ വിശ്വസിക്കുന്ന ആശയങ്ങൾക്ക് ബലംപിടിപ്പിച്ച് തങ്ങളുടെ പാർട്ടിയുടെ അധികാരം നിലനിർത്താനും അതുപയോഗിക്കുന്നു. മനുഷ്യൻ മരിക്കുന്നത് കണ്ടു രസിക്കുക ഫാസിസ്റ്റ് മൂലധനശക്തികൾക്ക് ഒരു രസമാണ്. എതിർക്കുന്നവനെ ഇല്ലായ്മ ചെയ്യാൻ ആയുധങ്ങൾ മൂർച്ച കൂടുന്നു അവർ, ജീവൻ എടുക്കുന്ന അധികാരത്തിന്റെ ചോരത്തുള്ളികൾ നുണയാൻ ഭൂരിഭാഗവും ചേക്കേറുന്ന ഈ കാലത്ത്, മൃതശരീരങ്ങൾ കാലത്തിന്റെ അടയാളമായി ബാക്കിനിൽക്കുന്നു. എല്ലാവരും മരിച്ചുവീഴില്ലല്ലൊ. അങ്ങനെ ഒന്ന് മനുഷ്യചരിത്രത്തിൽ ഇല്ല. പോരാടുന്ന മനുഷ്യർ എന്നും ഉണ്ടായിക്കൊണ്ടിരിക്കും. എന്നാൽ ഇതിനുള്ള ആർജവം നമുക്ക് തരുന്നത് മനുഷ്യത്വം എന്ന ഘടകമാണ്. ആ മനുഷ്യത്വം എന്ന സംഗതിയുടെ ഭാഗങ്ങൾ ആണ് മനുഷ്യ മോചനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങൾ.

ഇവിടെ കർഷകർ സമരം ചെയ്യാൻ തുടങ്ങിയിട്ട് വർഷം ഒന്നാകാറായി. പല കർഷകരും ആത്മഹത്യചെയ്തു. കർഷകരെ മന്ത്രിപുത്രൻ കാർ കയററി കൊന്നു. രാജ്യം ഭരിക്കുന്ന, ചക്രവർത്തി ആണെന്ന് സ്വയം കരുതുന്ന ആൾ ഇതുവരെ അവരോട് സംസാരിക്കാൻ പോലും തയാറല്ല. നീറോവിനെപോലെ ഹൃദയം ശൂന്യം. ഫാസിസ്റ്റുകളുടെ ഉദ്ദേശ്യം വിഭജനമുണ്ടാക്കുക, പിളർപ്പുണ്ടാക്കുക എന്നതാണ്. അധികാരത്തിൽ വന്നതിനു ശേഷം ഇവിടെ നടന്നിട്ടുള്ള കാര്യങ്ങൾ എല്ലാം ഇന്റന്‍ഷണൽ ആണ്. ഇവിടെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുണ്ട്. കാർഷിക മേഖല തകർന്നു കഴിഞ്ഞു. നിരവധി പേർ ജീവൻവെടിഞ്ഞു. രാജ്യം പ്രതിസന്ധിയിലാണ്. മിക്കവാറും എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കപ്പെടുന്നു. കുത്തക മൂലധനശക്തികൾ അനുദിനം പെട്രോൾ, ഡീസൽ, ഗ്യാസ് വില വർധിപ്പിച്ചുകൊണ്ടിരിക്കുന്നു. സർക്കാർ ജനദുരിതം കണ്ട് ആനന്ദനൃത്തമാടുന്നു. അതിനിടെ ഇവിടെ ദേശീയ പൗരത്വ പട്ടികയും പൗരത്വ നിയമവും കൊണ്ടുവരുന്നു അവർ. സമനില ഉള്ളവർ അതു ചെയ്യില്ല. ഇത്തരം അതിദയനീയമായ ജീവിത സാഹചര്യം സൃഷ്ടിക്കുന്ന ഫാസിസ്റ്റ്, സാമ്രാജ്യത്വ നയങ്ങൾക്കെതിരെ ജനകോടികളുടെ ഉജ്വല പോരാട്ടം അനിവാര്യമാണ്. ജനാധിപത്യമാണ് നമുക്കു ചുറ്റും.


ഇതും കൂടി വായിക്കാം:കര്‍ഷക സമരം ഒരു രാഷ്ട്രീയ ശക്തിയാകും


എന്നാൽ ജനാധിപത്യത്തിന്റെ പേ­രിൽ അരങ്ങേറുന്ന മറ്റൊരു രാഷ്ട്രീയമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്നത്. ഒരു ജൈവവസ്തു തീർച്ചയായും അതിന്റെ നൈ­സർഗികമായ ചോദനകളാലാണ് വളർച്ച നേടുന്നത്. എന്നാൽ സമൂഹത്തിന് വളർച്ചയുടെ കാര്യത്തിൽ ജൈവവസ്തുവിൽ നിന്ന് വ്യത്യസ്തമായ ഒരു സവിശേഷതയുണ്ട്. പരിവർത്തനത്തിന്റെ പ്രവർത്തന പദ്ധതിക്കിടയിൽ മനുഷ്യബോധത്തിന് ഇച്ഛാനുപൂർവം അതിൽ ഇടപെടാൻ കഴിയും എന്നതാണ് സവിശേഷത. സംഘർഷങ്ങളും പോരാട്ടങ്ങളും അടങ്ങിയ ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയാണ് രാജ്യം പരിവർത്തനത്തിനു വിധേയമായതും വിധേയമാക്കുന്നതും. നീതി, സാഹോദര്യം, മതേതരത്വം, സമത്വം, സ്വാതന്ത്ര്യം, മുതലായ ആദർശങ്ങൾ നക്ഷത്രങ്ങളെ പോലെ പരിഭ്രമണം ചെയ്യുന്ന ക്ഷീരപഥമാണ് ഇന്ത്യൻ ഭരണഘടന. ആ ഭ്രമണപഥത്തിൽ നിന്ന് ഇന്ത്യയുടെ നിയമ ഭരണത്തെ ഭൃംഗിപ്പിച്ച് അനീതിമണ്ഡലമാക്കി മാറ്റാൻ ഇന്ത്യയിലെ അധികാര കേന്ദ്രങ്ങളും സമ്പത്തിന്റെ കോട്ടകളും ആഭിചാരം നടത്തുമ്പോൾ അവരുടെ പൈശാചിക ഹോ­മങ്ങൾക്ക് അറുതിവരുത്തേണ്ടത് ജനകീയ സമരങ്ങളിലൂടെയാണ്. ഇന്ന് ഫാസിസ്റ്റുകൾക്ക് അറിയാം, അടിമകൾ കൂടുതൽ പണിയെടുക്കും എന്ന്. ഉടമകൾക്കും അ­റിയാം. അതിനാൽ അടിമത്തം കൂടുതൽ ഉല്പാദ ക്ഷമതയുള്ളതാണെന്ന്’ മനസിലാക്കുന്ന ഒരു ഫാസിസം നമ്മുടെ മുന്നിലുണ്ട്. സ്വയം ചിന്തിക്കുന്നതിനേക്കാൾ നല്ലത് മററുള്ളവർ ചിന്തിച്ചത് അനുസരിക്കുന്നതാണ് നല്ലത്, എന്നു കരുതന്ന മനുഷ്യരാണ് സമൂഹത്തിലും പ്രസ്ഥാനങ്ങളിലും ഭൂരിഭാഗവും. ഇതിനാണ് അടിമത്തം എന്നു പറയുക. ഈ അടിമത്തം കുടുംബങ്ങളിൽനിന്നു തുടങ്ങി, രാജ്യം മുഴുവൻ വ്യാപിച്ചു.

ഒരു പഴയ ചരിത്രം ഓർക്കുക. ചമ്പാരനിൽ നടന്ന നീലം കർഷകരുടെ സമരവും ബർദോളിയിൽ നടന്ന കർഷക സമരവും പ്രാദേശിക പരിധിയിൽ ഒതുങ്ങിയപ്പോൾ ദണ്ഡി സമരം ഇന്ത്യയെ മുഴുവൻ പ്രകമ്പനം കൊള്ളിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം ജനങ്ങൾക്കു വേണ്ടിയാകയാൽ, ഉപ്പുനിയമത്തിനെതിരായ സത്യാഗ്രഹം സ്വാതന്ത്ര്യ സമരത്തിന്റെ ആരംഭം കുറിക്കും എന്ന് ഗാന്ധിജി വൈസ്രോയ് ഇർവിൻ പ്രഭുവിന് എഴുതിയ കത്തിൽ (1930 — മാർച്ച് രണ്ട്), തുറന്നെഴുതി. പിന്നീടു നടന്ന ചർച്ചയിൽ ഗാന്ധിയും ഇന്ത്യയും സ്വാതന്ത്ര്യ സമരത്തിന്റെ മുന്നോട്ടുള്ള പോക്കിൽ വിജയം വരിച്ചു. പിന്നിട് നാം 1947 ൽ സ്വാതന്ത്ര്യം നേടി. ഉപ്പുസത്യാഗ്രഹം ഇന്നും ഭാരതീയ ചരിത്രത്തിലെ ചൈതന്യ പൂർണമായ ഒരു മഹാസ്മൃതി ആണെങ്കിലും ഇന്നത്തെ ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ കക്ഷികൾക്കും അതിന്റെ യഥാർത്ഥ വീര്യം എന്താണെന്ന് അറിയില്ല, അ­ഥവാ അവർ അറിയില്ല എന്നു നടിക്കുന്നു. യഥാർത്ഥത്തിൽ സ്വാതന്ത്ര്യ സമരത്തിന്റെ ഗർഭാധാനം നടന്നത് 1930 ലെ ഉപ്പുസത്യഗ്രഹത്തിൽ നിന്നാണ്. പട്ടാഭി സീതാരാമയ്യയുടെ ഭാഷയിൽ ‘ലോകം മുഴുവൻ സന്നിധാനം ചെയ്ത ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രഥമയാഗം’ എന്ന്. ഗ്ലിംസസ് ഓഫ് വേൾഡ് ഹിസ്റ്ററിയിൽ ജവഹർലാൽ നെഹറു ഈ ദണ്ഡിയാത്രയെ കുറിച്ച് പറയും, അന്തരീക്ഷം മുഴുവൻ വരാനിരിക്കുന്ന സംഭവത്തിന്റെ പ്രതീക്ഷാനിർഭരമായ കുമിളകൾ നിറഞ്ഞ്, എന്ത് എപ്പോൾ സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയാത്തവണ്ണം ഉൽകടമായ ഒരു സ്ഥിതിവിശേഷം ഇന്ത്യയിലുണ്ടായിരുന്നു എന്ന്. അപ്പോഴാണ് ഗാന്ധിജി, ഒരു മാജിക്കു പോലെ ഇന്ത്യൻ ‘റോപ് ട്രിക്ക്’ ഇവിടെ വീണ്ടും അഭിനയിച്ചത്. ഒന്നുമില്ലാത്ത ഒരു രാജ്യത്തു നിന്ന് കുറെ മനുഷ്യരെ, എഴുപത്തി ഒമ്പത് പേരെ, ഒരൊറ്റ വലിവലിച്ച് മേലോട്ട് എറിഞ്ഞു. അപ്പോൾ ആ മനുഷ്യക്കയർ താഴെ വീണില്ല. ഗാന്ധിജി അതു പിടിച്ചു കയറി. പിന്നെ തിരിച്ചു വന്നത് സ്വാതന്ത്ര്യത്തിന്റെ സമ്പത്തുമായിട്ടാണ്. പിന്നെ ഇന്ത്യ തിരിഞ്ഞു നോക്കിയില്ല. നിരന്തരം മുന്നോട്ടു പോയി സ്വാതന്ത്ര്യം നേടി.


ഇതും കൂടി വായിക്കാം:കർഷകസമരം ജനകീയ സമരമായിമാറുന്നു


രാഷ്ട്രം ദുരിതം അനുഭവിക്കുമ്പോൾ, ജനം അണിനിരക്കണം രാജ്യത്തെ മോചിപ്പിക്കാൻ. ഇന്ന് എല്ലാം നടക്കുന്നത് സ്വകാര്യത്തിലാണ്. സ്വകാര്യ മേഖല തഴച്ചുവളരുന്നു. മറ്റുള്ളവരുടെത് സ്വന്തമാക്കുന്ന മൂലധനശക്തികളുടെ സർവാധിപത്യം എല്ലായിടത്തും വ്യാപിച്ചു. അവരാണ് ഇന്ന് വലിയവർ. ഇവിടെ പാവങ്ങൾക്കുവേണ്ടി, പീഡിപ്പിക്കപ്പെടുന്ന സ്ത്രീക്കുവേണ്ടി, കുട്ടികൾക്കും ആദിവാസികൾക്കും വേണ്ടി, അവരുടെ ജീവിത സുരക്ഷിതത്വത്തിനും സ്വാതന്ത്ര്യത്തിനും അന്തസിനുംവേണ്ടി പോരാടാൻ ജനാവലി വൻതോതിൽ അണിനിരക്കണം. ഇന്ന് പൊതുവിനിമയ സൗകര്യങ്ങൾ, പൊതുഗതാഗത സൗകര്യങ്ങൾ, രാഷ്ട്രം സ്വാതന്ത്ര്യത്തിനുശേഷം ഇന്നേ വരെ നേടിയെടുത്ത പൊതുസ്ഥാപനങ്ങൾ കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്നു. ഇതിന്റെ ഫലമായി സ്റ്റേറ്റ് വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നീ മേഖലകളിൽ നിന്നെല്ലാം പിൻവലിഞ്ഞു. ജനങ്ങൾ ഇതിനെ പ്രതിരോധിക്കേണ്ടേ? എല്ലാവരും ഇന്ന് ആഗോളീകരണത്തിന്റെ വിപണിയിലാണ് കളിക്കുന്നത്. ഇന്ത്യാ ചരിത്രത്തിൽ സവിശേഷമായ നിലനിൽപ് അർഹിക്കുന്ന ജനവിഭാഗമാണ് ദളിത് ദേശീയ ജനത. ജ്ഞാനം, അധികാരം, സമ്പത്ത് എന്നിവ ഇവർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. ഭൂരഹിത ദരിദ്ര കർഷകരായ ദളിത് ജനവിഭാഗം ഇന്ത്യൻ ഭരണകൂട ശക്തികളുടെ വംശഹിംസാ നയങ്ങൾ മൂലം സാമ്പത്തികമായും സാമൂഹികമായും നാശത്തെ നേരിടുന്നു. ഇവിടത്തെ ജാതി വ്യവസ്ഥ അസമത്വത്തിന്റെയും അപമാനിക്കലിന്റെയും സ്ഥാപനവൽക്കരണമാകുന്നു. തുല്യതയെ നിഷേധിക്കുന്ന ജാതി സാമൂഹവുമായി ശ്രേ­ണിബദ്ധമായ ഒരു വ്യവസ്ഥ നിലനിർത്തുന്നു. സാമൂഹ്യനീതി ഉറപ്പുചെയ്യുക, ഭരണകൂടത്തിന്റെ ഭരണഘടനാപരമായ കടമയാണ്. എത്രയോ കാലമായി അതില്ല ഇവിടെ. ആ അവസ്ഥ മാറണമെങ്കിൽ ജനകീയ സമരമല്ലാതെ എന്തുവഴി?

ഇന്ന് ഭരണകൂടത്തിന് മുഖ്യം, മൂലധനാധിപത്യത്തിന്റെ അധികാര രാഷ്ട്രീയമാണ്, ജനങ്ങളുടെ ജീവിക്കാനുള്ള അവകാശമല്ല. ജീവിക്കാനുള്ള അവകാശം ആഗോളവൽക്കരണത്തിന്റെ കോർപറേറ്റ് മൂലധനാധിപത്യത്തിൽ അമരുന്നു ലോകത്തെവിടെയും പോലെ ഇന്ത്യയിലും അത് ചരിത്രവും യാഥാർത്ഥ്യവും ആണ്. കഠിനമായ അസഹിഷ്ണുതയും മതാന്ധതയും മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. ഇപ്പോൾ ഇന്ത്യയുടെ ക്രിക്കറ്റ് ക്യാപ്റ്റൻ തന്റെ ടീമംഗമായ മുഹമ്മദ് ഷമിയെ അഭിനന്ദിച്ചപ്പോൾ, മതമൗലികവാദികൾ അട്ടഹസിച്ചതു കേട്ടില്ലെ, ഇന്ത്യൻ ക്രിക്കറ്റ് നായകന്റെ ഒമ്പതു മാസം പ്രായമായ കുഞ്ഞിനെ ബലാൽസംഗം ചെയ്യമെന്ന്. ആ ഇന്ത്യയിലാണ് നാം ജീവിക്കുന്നത്. പ്രാകൃത ചിന്തയുടെ കൂടാരമാണ് ഹിന്ദുത്വ ആശയക്കാർ. മഹത്തായ വേദാന്തവും ഉപനിഷത്തും മറ്റും അവർക്ക് മനസിലാകില്ല. സ്വാതന്ത്ര്യം എന്ന് നെറ്റിയിൽ ഒട്ടിച്ചുവച്ച് സങ്കുചിതത്വത്തിന്റെ ഗുഹാന്തരങ്ങളിലേക്ക് പോകുന്നത് കൊടിയ ദേശീയ വഞ്ചനയാണ്. അനീതിയും അധർമ്മവും കാണുമ്പോൾ എതിർക്കണമെന്ന് തോന്നണം. ജനതയെ ഉയർന്ന രാഷ്ട്രീയ വിചാരത്തിലെക്ക്, വിപുലമായ പ്രവൃത്തിയിലേക്ക് വികസിപ്പിക്കുക എന്നത് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ കടമ. വൻതോതിൽ ബോധവൽക്കരണം നടത്തണം. ത്യാഗധനന്മാരായ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളും പൂർവസൂരികളും സംശുദ്ധിയുടെ പ്രതീകങ്ങളുമായ കമ്മ്യൂണിസ്റ്റ് നേതാക്കളും ബോധവൽക്കരണത്തിലൂടെ, സത്യസന്ധതയിലൂടെ ലക്ഷോപലക്ഷം ജനങ്ങളെ സംഘടിപ്പിച്ചു നടത്തിയ പോരാട്ടങ്ങളാണ് സാമൂഹിക പരിവർത്തനങ്ങൾ ഉണ്ടാക്കിയത്. ആ പോരാട്ടങ്ങൾ ജനങ്ങൾ നെഞ്ചോടു ചേർത്തു.

ആശയ പ്രതിബദ്ധതയുടെ പ്രതീകമായി സമൂഹം. ഭയത്തിൽ നിന്ന് ജനങ്ങളെ മുക്തരാക്കണം. ഭയത്തിൽ ജീവിക്കുന്നവർക്ക് ഭയമല്ലാതെ മറ്റൊന്നും ഉല്പാദിപ്പിക്കുവാൻ കഴിയുകയില്ല. ജനങ്ങളെ ശുഭാപ്തി വിശ്വാസത്തിന്റെ പ്രതീകങ്ങളാക്കാനുള്ള കർമ്മോത്സുകതയാണ് നേതൃത്വത്തിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. ആത്മാർത്ഥത കൈ­മുതലാക്കിയുള്ള സമരങ്ങൾ എന്നും അനിതിക്കെതിരെ വേണം. നമ്മൾ പുതിയ ആകാശത്തേക്ക് നോക്കണം. നിയമം അനുസരിച്ചു കൊണ്ട്, പുതിയ ലോകം നിങ്ങടെ വിരൽതുമ്പിൽ നൃത്തം ചെയ്യുന്നു എന്ന വിശ്വാസത്തോടെ അനീതിക്കെതിരെ, ഫാസിസത്തിനെതിരെ പ്രവർത്തിക്കണം. അങ്ങിനെ പ്രവർത്തിക്കുന്നവർക്ക് കറ കളഞ്ഞ ആത്മാർത്ഥതയുണെങ്കിൽ ജനം ആ സമരം ഏറ്റെടുക്കും. ജനങ്ങൾ അണിനിരക്കും. അത്തരം സമരങ്ങൾ അനിവാര്യമാണ്.

ENGLISH SUMMARY: janayu­gom col­umn about The inevitabil­i­ty of struggles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.