Site iconSite icon Janayugom Online

സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; പോരിനിറങ്ങാൻ 98451 സ്ഥാനാര്‍ത്ഥികള്‍

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 98451. അന്തിമ കണക്ക് പുറത്തുവന്നപ്പോള്‍ ആകെ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 1,09,671 ആയിരുന്നു. ഇന്നലെ നടന്ന സൂക്ഷ്മ പരിശോധനയില്‍ 2261 സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി.

 

കാസര്‍കോട് 3878 സ്ഥാനാര്‍ത്ഥികളെ അംഗീകരിച്ചു. കണ്ണൂര്‍-7566, വയനാട്-2838, കോഴിക്കോട്-9482, മലപ്പുറം-12556, പാലക്കാട്-9909, തൃശൂര്‍-9568, എറണാകുളം-8214, ഇടുക്കി-3733, കോട്ടയം-5630, ആലപ്പുഴ‑7135, പത്തനംതിട്ട‑3829, കൊല്ലം-6228, തിരുവനന്തപുരം-7985 എന്നിങ്ങനെയാണ് അംഗീകരിച്ച സ്ഥാനാര്‍ത്ഥികളുടെ എണ്ണം.

 

തിരുവനന്തപുരം ജില്ലയില്‍ 527 സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി. കൊല്ലം-49, പത്തനംതിട്ട‑94, ആലപ്പുഴ‑71, കോട്ടയം-401, ഇടുക്കി-125, എറണാകുളം-348, തൃശൂര്‍-116, പാലക്കാട്-56, മലപ്പുറം-150, കോഴിക്കോട്-108, വയനാട്-67, കണ്ണൂര്‍-98, കാസര്‍കോട്-51 സ്ഥാനാര്‍ത്ഥികളുടെയും പത്രിക തള്ളി.

 

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് തിങ്കളാഴ്ച വൈകിട്ട് മൂന്ന് വരെ വരണാധികാരിക്ക് നൽകാം. സ്ഥാനാർത്ഥിക്കോ നാമനിർദേശകനോ സ്ഥാനാർത്ഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം അഞ്ചിൽ തയ്യാറാക്കിയ നോട്ടീസ് നല്കാം. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിങ് ഓഫിസർ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും.

 

മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. അതത് റിട്ടേണിങ് ഓഫിസറുടെ ഓഫിസിലും ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും.

Exit mobile version