Site iconSite icon Janayugom Online

ചുട്ടുപൊള്ളി കടൽ; മത്സ്യലഭ്യത കുറയുന്നു

സംസ്ഥാനത്ത് കനത്ത ചൂടിൽ മത്സ്യലഭ്യത കുറയുന്നു. ശക്തമായ ചൂടിൽ കടൽ ചുട്ടുപൊള്ളുമ്പോൾ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരും ദുരിതത്തിലായി.
തീരക്കടലിൽ മീൻപിടിക്കുന്ന പരമ്പരാഗത തൊഴിലാളികളെയാണിത് ദോഷകരമായി ബാധിക്കുന്നത്. രണ്ടാഴ്ചയിലേറെയായി കടലിൽ മത്സ്യലഭ്യത കുറഞ്ഞതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. ചൂട് കാരണം നേരത്തെ കടലിൽ ഇറങ്ങി കിട്ടുന്ന മത്സ്യവുമായി കരയിലേക്കെത്തുകയാണ് പരമ്പരാഗത മീൻപിടുത്തക്കാർ ചെയ്യുന്നത്. ഏതാനും ആഴ്ചകൾക്കുമുമ്പുവരെ തിരക്കിലായിരുന്ന തീരപ്രദേശങ്ങൾ ഇപ്പോൾ ആളൊഴിയുന്ന നിലയിലാണ്.
പൊങ്ങുവള്ളങ്ങൾക്കു മാത്രമാണ് പേരിനെങ്കിലും മീൻ ലഭിക്കുന്നത്. വലിയ ഫൈബർ വള്ളങ്ങൾക്ക് ഇന്ധനചെലവിന് പോലും മത്സ്യം ലഭിക്കാത്ത സ്ഥിതിയാണ്. വരുന്ന മാസങ്ങളിൽ ചൂട് കൂടാൻ സാധ്യത ഉള്ളതിനാൽ കടലിൽ മത്സ്യലഭ്യത വൻതോതിൽ കുറയുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. സ്ഥിരമായി ലഭിച്ചു കൊണ്ടിരിക്കുന്ന മത്തി, അയല, മാന്തൾ, ചെമ്മീൻ എന്നിവ വളരെ കുറച്ച് മാത്രമാണ് വള്ളക്കാർക്ക് കിട്ടുന്നത്. 

ചൂട് കൂടുന്നതുമൂലം മീനുകൾ ആഴക്കടലിലേക്ക് നീങ്ങുന്നതോടെ കഴി‍ഞ്ഞ വർഷം ഇതേ സമയത്ത് ലഭിച്ചതിന്റെ പകുതി മത്സ്യം പോലും ഇപ്പോൾ ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മീൻ ലഭ്യത കുറഞ്ഞതോടെ വില കൂടുകയും നല്ല മത്സ്യം ലഭിക്കാത്ത അവസ്ഥയുമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.
ഉപജീവനമാർഗം വഴിമുട്ടിയതോടെ ചില തൊഴിലാളികൾ മറ്റ് പണികൾക്ക് പോയാണ് നിത്യച്ചെലവിനുള്ള വക കണ്ടെത്തുന്നത്. 

Eng­lish Sum­ma­ry: sea ​​of ​​fire; Fish avail­abil­i­ty is decreasing

You may also like this video

Exit mobile version