Site iconSite icon Janayugom Online

കേരളത്തിലെ സമുദ്രമത്സ്യ ലഭ്യത 24 ശതമാനം കൂടി

കേരളത്തിലെ സമുദ്രമത്സ്യ ലഭ്യത 24 ശതമാനം വർധിച്ചതായി സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) റിപ്പോർട്ട്. 2022ൽ 6.87 ലക്ഷം ടൺ മത്സ്യമാണ് കടലിൽ നിന്ന് ലഭിച്ചത്. തൊട്ടു മുൻവർഷമിത് 5.55 ടണ്ണായിരുന്നു. കോവിഡ് കാരണം മീൻപിടിത്തം കുറഞ്ഞ 2020ൽ ഇത് 3.6 ലക്ഷം ടണ്ണായിരുന്നു. കേരളത്തിൽ 35 ശതമാനം മത്സ്യബന്ധനവും നടന്നത് ഒക്ടോബർ- ഡിസംബർ ത്രൈമാസത്തിലാണ്. കുറവ് ഏപ്രിൽ‑ജൂൺ കാലയളവിലും, 16 ശതമാനം. രാജ്യത്തെ മൊത്തം സമുദ്രമത്സ്യ ലഭ്യത ഇക്കാലയളവിൽ 34.9 ലക്ഷം ടൺ ആണ്. 2021നെ അപേക്ഷിച്ച് 14.53 ശതമാനത്തിന്റെ വർധന. കോവിഡ് ബാധിച്ച 2020 കാലയളവുമായി നോക്കുമ്പോൾ 28 ശതമാനം വർധനയുമുണ്ട്. റിപ്പോർട്ടനുസരിച്ച് 7.22 ലക്ഷം ടൺ മത്സ്യവുമായി തമിഴ്‌നാടാണ് ലഭ്യതയിൽ മുന്നിൽ. മുൻവർഷത്തേക്കാൾ 20. 6 ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള കർണാടകയിൽ ലഭിച്ചത് 6.95 ലക്ഷം ടൺ മത്സ്യമാണ്. തൊട്ടു പിന്നിൽ മൂന്നാം സ്ഥാനത്താണ് കേരളം. മത്തിയുടെ ലഭ്യത ഉയർന്നതാണ് കഴിഞ്ഞ വർഷത്തെ ശ്രദ്ധേയമായ മാറ്റം. 2021ൽ വെറും 3279 ടൺ ലഭിച്ച സ്ഥാനത്ത് കഴിഞ്ഞ വർഷം 1.10 ലക്ഷം ടൺ മത്തി കേരള തീരത്തു നിന്ന് ലഭിച്ചു. ഈ വർഷം പകുതിയോടെയാണ് മത്തി കേരളതീരത്ത് കൂടുതലായി എത്തിത്തുടങ്ങിയത്. അയലയ്ക്കാണ് രണ്ടാം സ്ഥാനം. 1.01 ലക്ഷം ടൺ അയലയാണ് കഴിഞ്ഞ വർഷം ലഭിച്ചത്. മുൻ വർഷവുമായി നോക്കുമ്പോൾ ഇരട്ടിയോളം വർധനയുണ്ട്. കൊഴുവ, കണവ വർഗങ്ങൾ, കിളിമീൻ എന്നിവയുടെ ലഭ്യതയും കൂടി. എറണാകുളം ജില്ലയാണ് മത്സ്യലഭ്യതയിൽ മുന്നിൽ. മൊത്തം മത്സ്യലഭ്യതയുടെ 30 ശതമാനവും ഇവിടെയായിരുന്നു. രണ്ടു ലക്ഷം ടൺ മത്സ്യം ഇവിടെ നിന്ന് ലഭിച്ചു. രാജ്യത്തെ മൊത്തം മത്തി ലഭ്യതയിൽ ഇക്കാലയളവിൽ 188.15 ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ട്. മീൻപിടിത്തത്തിന് അനുയോജ്യമായ കാലാവസ്ഥയായിരുന്നു വർഷം മുഴുവൻ എന്നതാണ് ശ്രദ്ധേയമായ മറ്റൊരുകാര്യം. മേയ് മാസത്തിൽ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് ഉണ്ടായെങ്കിലും അത് മത്സ്യബന്ധനത്തെ ബാധിച്ചില്ലെന്ന് സിഎംഎഫ്­ആർഐ പറയുന്നു. രാജ്യത്തെ മൊത്തം മത്സ്യോല്പാദനത്തിന്റെ 40 ശതമാനവും സമുദ്രമത്സ്യങ്ങളാണ്.

eng­lish sum­ma­ry; Sea fish avail­abil­i­ty in Ker­ala increased by 24 percent

you may also like this video:

Exit mobile version