ആഢംബര ട്രെയിനായ തേജസ് രാജധാനി എക്സ്പ്രസ്സിൽ യാത്രക്കാരന് അനുവദിച്ച സീറ്റ് മറ്റൊരാൾക്ക് വിറ്റ ടിടിഇയെ റെയിൽവേ സർവീസിൽ നിന്ന് പുറത്താക്കി. യാത്രക്കാരന്റെ പരാതിയെത്തുടർന്ന് ദാനാപൂർ റെയിൽവേ ഡിവിഷനാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സംഭവം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് റെയിൽവേയുടെ അടിയന്തര ഇടപെടലുണ്ടായത്.
രാജേന്ദ്ര നഗർ ടെർമിനലിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന 12309 നമ്പർ തേജസ് രാജധാനി എക്സ്പ്രസ്സിലെ ബി8 കോച്ചിലെ 47-ാം നമ്പർ ബെർത്ത് ബുക്ക് ചെയ്തിരുന്ന യാത്രക്കാരനാണ് ദുരനുഭവമുണ്ടായത്. ടിടിഇയായ അമർ കുമാർ യാതൊരു അറിയിപ്പുമില്ലാതെ ഈ സീറ്റ് മറ്റൊരാൾക്ക് നല്‍കുകയായിരുന്നു. യാത്രക്കാരൻ ദാനാപൂർ ഡിവിഷനിലെ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർക്ക് പരാതി നൽകി. ഉടൻ തന്നെ അന്വേഷണത്തിന് ഉത്തരവിട്ട ഡിസിഎം, അസിസ്റ്റന്റ് കൊമേഴ്സ്യൽ മാനേജറോട് വിശദമായ റിപ്പോർട്ട് തേടി. പ്രാഥമിക അന്വേഷണത്തിൽ തന്നെ ടിടിഇയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് അമർ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു. എസിഎം നേരിട്ട് പരാതിക്കാരനുമായി ബന്ധപ്പെട്ട് വിവരങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു. ടിടിഇ പണം കൈപ്പറ്റിയാണ് സീറ്റ് മറ്റൊരാൾക്ക് നൽകിയതെന്ന ആരോപണവും യാത്രക്കാരൻ ഉന്നയിച്ചിട്ടുണ്ട്. ഇത് റെയിൽവേ ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

