Site iconSite icon Janayugom Online

ബീഹാറില്‍ സീറ്റ് വിഭജനം എന്‍ഡിഎയ്ക്ക് കീറാമുട്ടിയാകുന്നു

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്‍ഡിഎയില്‍ സീറ്റ് വിഭജനം കീറാമുട്ടിയായിരുക്കുന്നു. മുന്നണിയിലെ പ്രധാന പാര്‍ട്ടികളായ ബിജെപിയും ജെഡിയുവും തമ്മിലാണ് സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കം രൂക്ഷമാകുന്നത്. ബിജെപി മത്സരിക്കുന്ന സീറ്റുകളില്‍ കൂടുതല്‍ തങ്ങള്‍ക്ക് വേണമെന്നാണ് ജെഡിയുവിന്റെ പ്രധാന ആവശ്യം. ഇക്കാര്യത്തില്‍ നിതീഷ് കുമാര്‍ കടുംപിടുത്തത്തിലാണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയു 115 സീറ്റുകളിലും ബിജെപി 110 സീറ്റുകളിലുമായിരുന്നു മത്സരിച്ചിരുന്നത്. അന്ന് മറ്റ് ചെറിയ സഖ്യകക്ഷികളായ ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎമ്മിന് ഏഴും മുകേഷ് സാഹ്നിയുടെ വിഐപിക്ക് പതിനൊന്നും സീറ്റുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ചെറുപാര്‍ട്ടികള്‍ എന്‍ഡിഎയ്ക്ക് തലവേദന സൃഷ്ടിക്കുന്നതായാണ് വിവരം. ചിരാഗ് പാസ്വാന്‍ 40 സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

സീറ്റുകളുടെ എണ്ണത്തില്‍ മാന്യതയില്‍ കുറഞ്ഞതൊന്നും തന്റെ പാര്‍ട്ടി സ്വീകരിക്കില്ലെന്ന് ചിരാഗ് പാസ്വാന്‍ പറയുകയുണ്ടായി. . 40 സീറ്റുകളാണ് പാസ്വാന്റെ ആവശ്യമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അഞ്ച് സീറ്റുകളിലും വിജയം നേടിയത് ചൂണ്ടിക്കാട്ടിയാണ് ചിരാഗ് പാസ്വാന്റെ വിലപേശല്‍. മാസങ്ങളായി പാസ്വാന്‍ സമ്മര്‍ദ്ദ തന്ത്രം പയറ്റുന്നുണ്ട്. ചിരാഗ് പാസ്വാന്റെ അനുയായികള്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. നിതീഷ് കുമാറുമായുള്ള പാസ്വാന്റെ ഭിന്നത ഇപ്പോഴും തുടരുന്നു എന്നതാണ് സമീപകാല പ്രസ്താവനകളില്‍നിന്ന് വ്യക്തമാകുന്നത്.പാസ്വാന്‍ 40‑ല്‍ അധികം സീറ്റുകള്‍ ആവശ്യപ്പെടുമ്പോള്‍, അദ്ദേഹത്തിന് 20‑ല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കരുതെന്നാണ് നിതീഷ് കുമാറിന്റെ ജെഡിയുവിന്റെ നിലപാട്. എന്നാല്‍ ചിരാഗ് പാസ്വാന്‍ എന്‍ഡിഎക്ക് നിര്‍ണായകമാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നത്.

2020‑ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷുമായുള്ള ഭിന്നതയെ തുടര്‍ന്ന് ചിരാഗ് പാസ്വാന്റെ പാര്‍ട്ടി 135 സീറ്റുകളില്‍ തനിച്ച് മത്സരിച്ചിരുന്നു. അന്ന് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂവെങ്കിലും, വോട്ട് വിഭജനം നിതീഷ് കുമാറിന്റെ ജെഡിയുവിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു. ബിഹാറില്‍ 243 നിയമസഭാ സീറ്റുകളാണുള്ളത്. നിലവിലെ സീറ്റുനില അനുസരിച്ച് ജെഡിയുവിനേക്കാള്‍ വലിയ പാര്‍ട്ടി ബിജെപിയാണ്. എന്നാല്‍ തങ്ങളാണ് വലിയ പാര്‍ട്ടിയെന്ന അവകാശവാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് നിതീഷ്. 2020‑ലെ തിരഞ്ഞെടുപ്പിലും ജെഡിയുവാണ് കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചിരുന്നത്. അന്നത്തെ ധാരണയനുസരിച്ച് ജെഡിയു 115 സീറ്റുകളിലും ബിജെപി 110 സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്. എന്നാല്‍ ബിജെപി 75 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച ജെഡിയുവിന് 43 ഇടങ്ങളില്‍ മാത്രമാണ് ജയിക്കാനായത്. കഴിഞ്ഞ തവണ എന്‍ഡിഎയുടെ ഭാഗമായിരുന്ന മുകേഷ് സാഹ്നിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി ഇപ്പോള്‍ പ്രതിപക്ഷ പാളയത്തിലാണ്. 

Exit mobile version