ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളില്‍ അഡാനി ഗ്രൂപ്പിനെ വെള്ളപൂശി സെക്യുരിറ്റീസ് ആന്‍ഡ് എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) റിപ്പോര്‍ട്ട്. ഓഹരിവിലയില്‍ കൃത്രിമം കാട്ടി അഡാനി കമ്പനി ലക്ഷക്കണക്കിന് കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ട പ്രധാന ആരോപണം. എന്നാല്‍ ഇവയില്‍ കൂടുതല്‍ കണ്ടെത്തലുകള്‍ സെബി റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളിലേക്കുള്ള റിലേറ്റഡ് പാര്‍ട്ടി ഇടപാടുകള്‍ മറച്ചുവച്ചുവെന്ന ആരോപണം മാത്രമാണ് സെബി റിപ്പോര്‍ട്ടിലുള്ളതെന്നാണ് വിവരം. ഇതാകട്ടെ ഒരു കോടി രൂപ മാത്രം പിഴയടച്ച് തലയൂരാന്‍ കഴിയുന്നതാണെന്നും വിലയിരുത്തപ്പെടുന്നു.
തുറമുഖ- വൈദ്യുത പദ്ധതികള്‍ വഴി സ്വരുപിച്ച ഫണ്ടുകള്‍ അഡാനി കമ്പനി വകമാറ്റി ചെലവഴിച്ചതായും സെബി കണ്ടെത്തിയിട്ടുണ്ട്. ചില കമ്പനികളില്‍ ഓഫ്ഷോര്‍ ഫണ്ടുകള്‍ കൈവശം വച്ചിരിക്കുന്നത് നിയമവിധേയമായല്ല. ഇന്ത്യന്‍ കമ്പനികളില്‍ വിദേശ കമ്പനികള്‍ക്ക് പത്ത് ശതമാനം തുക മാത്രം നിക്ഷേപിക്കാന്‍ അധികാരമുള്ള സ്ഥാനത്ത് അഡാനി കമ്പനികളില്‍ നിശ്ചിത ശതമാനം തുകയേക്കാള്‍ പലമടങ്ങ് നിക്ഷേപം പരിധി ലംഘിച്ച് നടന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ അഡാനി കമ്പനി നിഷേധിക്കുകയായിരുന്നു. എന്നാല്‍ വാര്‍ത്ത വിവാദമായതോടെ സുപ്രീം കോടതി അഡാനി കമ്പനികളുടെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാന്‍ സെബിയോട് ആവശ്യപ്പെടുകയായിരുന്നു. ആറുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചുവെങ്കിലും സെബി കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
റിലേറ്റഡ് പാര്‍ട്ടി ഇടപാടുകളില്‍ 13 എണ്ണത്തെക്കുറിച്ചായിരുന്നു സെബി അന്വേഷണം നടത്തിയത്. എല്ലാ ഇടപാടുകളും വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു മുമ്പ് അഡാനി ഗ്രൂപ്പ് ഇതിനോട് പ്രതികരിച്ചത്. റിപ്പോര്‍ട്ടിനെക്കുറിച്ച് പുറത്തുവന്ന വിവരങ്ങളോട് സെബി അന്വേഷണ സംഘം ഇതുവരെ പ്രതികരിച്ചിട്ടില്ല. രണ്ട് വിഷയങ്ങളിലൊഴികെ അന്വേഷണം പൂര്‍ത്തിയായെന്ന് കഴിഞ്ഞയാഴ്ച സെബി സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. ഇന്നാണ് സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി. അതേസമയം സുപ്രീം കോടതിക്ക് സമര്‍പ്പിച്ചാലും ഉടന്‍ പുറത്തുവിടില്ലെന്നും സൂചനകളുണ്ട്. കമ്പനിക്ക് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളോട് പ്രതികരിക്കാനുള്ള അവസരം സെബി നല്‍കിയേക്കും.