Site iconSite icon Janayugom Online

അസ്ഥികൾ കണ്ടെത്തിയതിനു പിന്നാലെ നാടുവിട്ടു, തെലങ്കാനയിൽ പൊലീസിനെ കണ്ടതോടെ ഓടി; വിജിൽ തിരോധാനത്തിൽ രണ്ടാം പ്രതി വലയിൽ

വിജിൽ തിരോധാന കേസിലെ രണ്ടാം പ്രതി കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശി ഗോശാലികുന്നുമ്മല്‍ വീട്ടില്‍ രഞ്ജിത്തിനെ (39) പൊലീസ് പിടികൂടി. സരോവരത്തെ ചതുപ്പിൽ നടത്തിയ തിരച്ചിലിൽ വിജിലിന്റേത് എന്ന് കരുതുന്ന അസ്ഥികളും ഷൂവും പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അതിനിടെയാണ് കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ കൂടി പൊലീസ് വലയിലാക്കിയത്.വിജിലിന്‍റേത് എന്നു കരുതുന്ന അസ്ഥികള്‍, പൊലീസ് സരോവരത്തുള്ള ചതുപ്പില്‍ നിന്നും കണ്ടെടുത്തു എന്നറിഞ്ഞ പ്രതി ആന്ധ്രയിലേക്കു കടക്കുകയായിരുന്നു. സൈബര്‍ സെല്ലുമായി സഹകരിച്ചു നടത്തിയ ശാസ്ത്രീയ പരിശോധനയില്‍നിന്നും തെലങ്കാനയിലുള്ള കമ്മത്ത് വച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്.2019 മാർച്ച് 24ന് കാണാതായ വിജിലിനെ കണ്ടെത്താനുള്ള രണ്ടാംഘട്ട അന്വേഷണത്തിൽ വിജിലിന്റെ സുഹൃത്തുകളെ വീണ്ടും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയിലെ വൈരുധ്യം മനസിലാക്കിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതിലാണ് പ്രതികള്‍ കുറ്റം സമ്മതിക്കുകയും വിജിലിന്റെ മൃതശരീരം സരോവരം ചതുപ്പിൽ കുഴിച്ചു മൂടിയതായും മൊഴി ലഭിച്ചത്. അമിതമായി ലഹരിമരുന്ന് ഉപയോഗിച്ചതിനാൽ വിജിൽ മരിച്ചെന്നും തുടർന്ന് സരോവരം വാഴത്തുരുത്തി ഭാഗത്ത് കുഴിച്ചുമൂടിയെന്നും ആയിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. ഇതോടെയാണ് വിജിലിന്റെ സുഹൃത്തുക്കളായ വാഴത്തുരുത്തി കുളങ്ങരക്കണ്ടി മീത്തൽ കെ.കെ.നിഖിൽ, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയിൽ ദീപേഷ് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

Exit mobile version