എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ അന്വേഷണസംഘം വിപുലീകരിക്കാൻ പൊലീസ് തീരുമാനിച്ചു. എഐജി ജി പൂങ്കുഴലിക്കാണ് കേസിലെ അന്വേഷണച്ചുമതല നൽകുക. കേസുമായി മുന്നോട്ട് പോകാൻ തയ്യാറാണെന്ന് അതിജീവിത അന്വേഷണ സംഘത്തെ അറിയിച്ച സാഹചര്യത്തിലാണ് പൊലീസിൻ്റെ നിർണായക തീരുമാനം. യുവതിയുടെ അനുമതി തേടി ഇ‑മെയിൽ അയച്ചതിന് മറുപടി നൽകിയാണ് യുവതി ഇക്കാര്യം സ്ഥിരീകരിച്ചത്.
കേരളത്തിന് പുറത്ത് താമസിക്കുന്ന 23 വയസ്സുള്ള പെൺകുട്ടിയാണ് പരാതിക്കാരി. വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു എന്നാണ് പെൺകുട്ടിയുടെ പരാതി. മുറിയിൽ വെച്ച് അതിക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു എന്നും, മാനസികമായും ശാരീരികമായും ക്രൂരപീഡനം നേരിട്ടെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. ഇൻസ്റ്റാഗ്രാം വഴിയാണ് രാഹുൽ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് ഫോൺ നമ്പർ വാങ്ങി ബന്ധം ശക്തമാക്കുകയും വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. വിവാഹ വാഗ്ദാനം ആവർത്തിച്ചതോടെ പെൺകുട്ടി വീട്ടുകാരുമായി സംസാരിച്ചു. രാഷ്ട്രീയക്കാരനായ ഒരാളെ വിവാഹം കഴിക്കുന്നതിനോട് ആദ്യം എതിർപ്പുണ്ടായിരുന്ന വീട്ടുകാർ, രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതോടെ സമ്മതം അറിയിച്ചു.
ഇക്കാര്യം രാഹുലിനെ അറിയിച്ചപ്പോൾ, അടുത്ത അവധിക്കാലത്ത് വീട്ടുകാരുമായി വരാമെന്ന് രാഹുൽ ഉറപ്പുനൽകിയതായും പരാതിയിൽ പറയുന്നു. തുടർന്ന് പെൺകുട്ടി നാട്ടിലെത്തിയപ്പോൾ സ്വകാര്യമായി കാണണമെന്ന് രാഹുൽ അറിയിക്കുകയും കാറിൽ ഹോം സ്റ്റേയിലേക്ക് കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാനും ഉണ്ടായിരുന്നു എന്നും പരാതിയിൽ പറയുന്നുണ്ട്.

