Site iconSite icon Janayugom Online

രാജസ്ഥാന്‍ ബിജെപിയില്‍ വിഭാഗീയത

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഒരിക്കല്‍ കൂടി പരിഗണിക്കണമെന്ന വസുന്ധരെ രാജെ സിന്ധ്യയുടെ ആവശ്യം രാജസ്ഥാന്‍ ബിജെപിയില്‍ വിഭാഗീയത രൂക്ഷമാക്കി. അടുത്ത തെരഞ്ഞെടുപ്പില്‍ തന്നെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് സിന്ധ്യയുടെ ആഗ്രഹം. അക്കാര്യം അനുയായികള്‍ മുഖേന അവര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിക്ക് പുതിയ നേതൃസംഘത്തെ നാമനിര്‍ദേശം ചെയ്യുന്നതിന് കേന്ദ്ര നേതൃത്വം ആലോചന തുടങ്ങിയ ഘട്ടത്തിലാണ് സിന്ധ്യ അനുയായികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതിനെതിരെ മറുവിഭാഗവും രംഗത്തുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയായിരുന്ന സിന്ധ്യയുടെ കയ്യിലിരിപ്പാണെന്നാണ് മറുപക്ഷം വാദിക്കുന്നത്. സംസ്ഥാന ബിജെപി അധ്യക്ഷനും ലോക്‌സഭാംഗവുമായ ചന്ദ്ര പ്രകാശ് ജോഷിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് സിന്ധ്യ വിരുദ്ധ പക്ഷം നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അടുത്ത മാസം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നേതൃത്വത്തെ പ്രഖ്യാപിക്കുമ്പോള്‍ ജോഷിക്ക് അവസരം നല്‍കുമെന്നാണ് കരുതപ്പെടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ, സംഘടനാ കാര്യ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരാണ് സംസ്ഥാന നേതൃത്വത്തെ തീരുമാനിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ദേശീയ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച തനിക്ക് പ്രതീക്ഷ നല്‍കുന്നില്ലെന്ന് വ്യക്തമായതോടെയാണ് സിന്ധ്യ സംസ്ഥാനത്തെ അനുയായികളെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.

eng­lish summary;Sectarianism in Rajasthan BJP

you may also like this video;

Exit mobile version