Site icon Janayugom Online

ഫാഷിസത്തിൽ നിന്നുള്ള മോചനത്തിനായി ഇന്ത്യയിലെ മതേതര ജനാധിപത്യ ശക്തികൾ ഏകീകരിക്കപ്പെടും: ആലങ്കോട് ലീലാകൃഷ്ണൻ

ഫാഷിസത്തിൽ നിന്നുള്ള മോചനത്തിനായി ഇന്നല്ലെങ്കിൽ നാളെ ഇന്ത്യയിലെ മതേതര ജനാധിപത്യ ശക്തികൾ ഏകീകരിക്കപ്പെടുമെന്നു യുവകലാ സാഹിതി സംസ്ഥാനപ്രസിഡന്റും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. യുവ കലാ സാഹിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഗാന്ധിയൻമാരും സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും നക്സലെറ്റുകളും ഇതര മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരു പുതിയ മാനവിക കലാ രാഷ്ട്രിയത്തിന്റെയോ പൊതു മിനിമം പരിപാടിയുടെയോ അടിസ്ഥാനത്തിൽ ഏകീകരിക്കപ്പെടുകയല്ലാതെ ഫാഷിസത്തിൽ നിന്നുള്ള മോചനത്തിനു മറ്റൊരു വഴിയില്ല. രണ്ടു വർഗമില്ലെന്നും ഒറ്റ വർഗമേയുള്ളുവെന്നും പിൽക്കാലത്ത് വർഗ സിദ്ധാന്തത്തെ ആത്മീയമായി നിർവചിച്ച ലോകത്തിലെ അപൂർവം ഗുരുക്കന്മാരിൽ ഒരാൾ കേരളത്തിലാണുണ്ടായിരുന്നത്.

അതുകൊണ്ടു കൂടിയാണ് ഏകത്വം ഇവിടെ അതിശക്തമായി നിലകൊണ്ടിട്ടുള്ളതെന്നും ആലംങ്കോട് പറഞ്ഞു. ഡോ. വി എൻ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നാടക പ്രതിഭകളായ സരസ്സ ബാലുശ്ശേരി, ഹരീന്ദ്രനാഥ് ഇയ്യാട്, ബൽറാം കോട്ടൂർ, എം കെ രവിവർമ്മ, കഥാകൃത്ത് ശ്രീനി ബാലുശ്ശേരി എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ജില്ലാ സെക്രട്ടറി അഷ്റഫ് കുരുവട്ടൂർ, മജീദ് ശിവപുരം എന്നിവർ സംസാരിച്ചു. കെ വി സത്യൻ സ്വാഗതവും രാജൻ നരയംകുളം നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Sec­u­lar demo­c­ra­t­ic forces in India will unite for free­dom from fas­cism: Alankot Leelakrishnan

You may also like this video

Exit mobile version