Site iconSite icon Janayugom Online

ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാ പരിശോധന; ഉത്തരവിട്ട് ഡിജിസിഎ

അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബോയിങ് ഡ്രീംലൈന്‍ വിമാനങ്ങളുടെ സേവനം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഡ്രീംലൈന്‍ വിമാനങ്ങളുടെ സുരക്ഷാ പരിശോധന കര്‍ക്കശമാക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിറക്കി. അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങളും പരിശോധനകളും നടന്നു വരികയാണ്. ഇതിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാകും ഡിജിസിഎ ബോയിങ് ഡ്രീം ലൈന്‍ വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതി നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. വീതി കൂടുതലുള്ള ഘടനയാണ് അമേരിക്കന്‍ കമ്പനിയായ ബോയിങ്ങിന്റെ ഈ സീരീസ് വിമാനങ്ങള്‍ക്കുള്ളത്. വിമാനത്തില്‍ പക്ഷി ഇടിക്കുകയോ പറന്നുയരാനുള്ള വിമാനത്തിന്റെ എന്‍ജിനുകളുടെ കരുത്തിന്റെ അപാകതയോ ആകാം വിമാന ദുരന്തത്തിന് കാരണമാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അത്തരത്തിലെങ്കില്‍ ഈ വിഭാഗത്തല്‍ ഉള്‍പ്പെടുന്ന വിമാനങ്ങള്‍ വ്യോമ സുരക്ഷയ്ക്കു തന്നെ വെല്ലുവിളി ഉയര്‍ത്തുകയാണെന്നും വിദഗദ്ധര്‍ ചൂണ്ടികാട്ടുന്നു. ഇരട്ട എന്‍ജിനുള്ള വിമാനത്തിന്റെ സാങ്കേതിക തകരാറാണ് അപകട കാരണമെങ്കില്‍ ബോയിങ് കമ്പനിക്ക് അത് വന്‍ വെല്ലുവിളിയാകുകയും ചെയ്യും.

അഹമ്മദാബാദ് ദുരന്തം അന്വേഷിക്കാന്‍ സഹായിക്കാമെന്ന് അമേരിക്കയും ബ്രിട്ടനും വ്യക്തമാക്കുകയും അവരുടെ വിദഗ്ദധ സംഘങ്ങളെ ഇതിനായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ജനറല്‍ ഇലക്ട്രിക്കല്‍സിന്റെ ജെന്‍ എക്‌സ് എഞ്ചിനുകള്‍ ഉപയോഗിക്കുന്ന ബോയിംങ്ങ് 787, 8, 9 വിമാനങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ക്കശമാക്കാന്‍ ഡിജിസിഎ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സുരക്ഷാ പരിശോധനയുടെ ഫലത്തിന്റെ കൂടി അടിസ്ഥാനത്തിലാകും ഇത്തരം വിമാനങ്ങളുടെ സേവനം ഇനിയും തുടരണോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുക. 2011‑ൽ സർവീസ് ആരംഭിച്ചതുമുതൽ വ്യാഴാഴ്ച വരെ മാരകമായ അപകടങ്ങളിലും ഈ വിമാനം ഉൾപ്പെട്ടിരുന്നില്ല. ബോയിംഗ് 787 ശ്രേണിയിൽ നിലവിൽ മൂന്ന് മോഡലുകളുണ്ട്. ബോയിങ് 787–8 ഏറ്റവും ചെറുതും ആദ്യമായി അവതരിപ്പിച്ചതുമാണ്. 787–8‑ന് 248 യാത്രക്കാരെ വഹിക്കാൻ കഴിയും. കൂടുതൽ ദൂരപരിധിയുള്ള 787–9‑ന് 296 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. മൂന്നിൽ ഏറ്റവും വലുതും ഏറ്റവും കുറഞ്ഞ ദൂരപരിധിയുള്ളതുമായ 787–10‑ൽ 336 പേർക്ക് യാത്ര ചെയ്യാം. ഈ മോഡൽ അവതരിപ്പിച്ചതിന് ശേഷം ബോയിങ് 2,500‑ൽ അധികം 787 വിമാനങ്ങൾ വിറ്റഴിച്ചിട്ടുണ്ട്. 47 എണ്ണം എയർ ഇന്ത്യയാണ് വാങ്ങിയിരിക്കുന്നത്. 

Exit mobile version