ഛത്തിസ്ഗഢിലെ ഗരിയബന്ദ് ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ പത്ത് മാവോവാദികൾ കൊല്ലപ്പെട്ടു. നിരോധിത സംഘടനയായ സി.പി.ഐ (മാവോവാദി) യുടെ മുതിർന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ മോഡം ബാലകൃഷ്ണയും മരിച്ചവരിൽ പെടും.
തലക്ക് ഒരു കോടി രൂപ വിലയിട്ടിട്ടുള്ള നേതാവാണ് ബാലകൃഷ്ണ. മെയിൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിലായിരുന്നു സംയുക്ത സുരക്ഷ സംഘവുമായി ഏറ്റുമുട്ടലുണ്ടായതെന്ന് റായ്പൂർ റേഞ്ച് ഐ.ജി അമ്രേഷ് മിശ്ര പറഞ്ഞു. റായ്പൂരിൽ നിന്ന് 180 കിലോമീറ്റർ അകലെയുള്ള പ്രദേശത്തെ ഉന്നത നേതാക്കളുടെ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്.
ബാലണ്ണ, രാമചന്ദർ, ഭാസ്‌കർ എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന ബാലകൃഷ്ണ, സി.പി.ഐ (മാവോവാദി) ഒഡിഷ സംസ്ഥാന സെക്രട്ടറിയായിരുന്നു. തെലങ്കാനയിലെ വാറാങ്കൽ ജില്ലയിലാണ് ബാലകൃഷ്ണ ജനിച്ചത്. 26 പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ബുധനാഴ്ച നാരായൺപുർ ജില്ലയിൽ 16 മാവോവാദികൾ കീഴടങ്ങിയിരുന്നു. ഈ വർഷം ഛത്തിസ്ഗഢിൽ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 241 മാവോദികളാണ് മരിച്ചത്

