Site icon Janayugom Online

സെക്യൂരിറ്റി ജീവനക്കാരന്റെ മരണം കൊലപാതകം: ചവിട്ടിക്കൊന്ന ഓട്ടോഡ്രൈവർ അറസ്റ്റിൽ

auto

വലിയ പാലത്തിന് സമീപം സെക്യൂരിറ്റീ ജീവനക്കാരൻ മരിച്ചു കിടന്ന സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തുമ്പമൺ സ്വദേശിയാ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ട കേസിൽ കടയ്ക്കാട് അടിമവീട്ടിൽ ദിൽഷാദ് (43) ആണ് അറസ്റ്റിലായത്. കീരുകുഴി ഭഗവതിക്കും പടിഞ്ഞാറ് ചിറ്റൂൂർ മേലേതിൽ വീട്ടിൽ അജി കെ വി (48) ആണ് മരിച്ചത്. 

പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് സ്വാഭാവിക മരണമെന്ന് കരുതിയിരുന്നത് കൊലപാതകമാണെന്ന് തെളിഞ്ഞത്.
അജിയുടെ വാരിയെല്ലുകൾ ഒടിഞ്ഞ് ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ കണ്ടെത്തി. കഴിഞ്ഞ 20 ന് രാവിലെയാണ് വലിയ പാലത്തിന് സമീപം അജിയുടെ മൃതദേഹം കണ്ടത്. സെക്യൂരിറ്റി ജീവനക്കാരനായ ഇയാൾ മദ്യപിച്ച് കുഴഞ്ഞു വീണ് മരിച്ചുവെന്നായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകം സ്ഥിരീകരിച്ചതോടെ ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. തുടർന്ന് ലഭിച്ച സൂചനകളിലൂടെയാണ് ദിൽഷാദിലേക്ക് അന്വേഷണമെത്തിയത്. സംഭവം നടക്കുന്നതിന്റെ തലേന്ന് അജി ദിൽഷാദിന്റെ ഓട്ടോറിക്ഷയിൽ പന്തളത്തെ ബാറിൽ മദ്യപിക്കുന്നതിന് പോയിരുന്നു. 

വെയിറ്റ് ചെയ്യണമെന്നും മടങ്ങി വന്ന യാത്രാക്കൂലി നൽകാമെന്നും അജി പറഞ്ഞിരുന്നു. എന്നാൽ, ബാറിൽ കയറി മദ്യപാനം കഴിഞ്ഞ് പുറത്തിറങ്ങിയ അജി ദിൽഷാദിനെ ഗൗനിക്കാതെ സ്ഥലം വിട്ടു. പിന്നാലെയെത്തിയ ദിൽഷാദ് പന്തളം വലിയ പാലത്തിന് സമീപം വച്ച് അജിയെ ചവിട്ടുകയായിരുന്നു. ചവിട്ടു കൊണ്ട് വീണ അജിയുടെ വാരിെയല്ലുകൾ ഒടിഞ്ഞ് ആന്തരികാവയവങ്ങളിൽ തുളച്ചു കയറി രക്തസ്രാവം ഉണ്ടാവുകയും അവിടെ കിടന്ന് അജി മരണമടയുകയുമായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ദിൽഷാദ് കുറ്റസമ്മതം നടത്തി. അറസ്റ്റിലായ പ്രതിയെ അടൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിന് അടുത്ത ദിവസം തന്നെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് അറിയിച്ചു. 

Eng­lish Sum­ma­ry: Secu­ri­ty guard’s death mur­der: auto dri­ver arrested

You may also like this video

Exit mobile version