രാജ്യദ്രോഹം സംബന്ധിച്ച കൊളോണിയൽ കാലത്തെ ശിക്ഷാ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ പ്രതികരണം ഫയൽ ചെയ്യാൻ കൂടുതൽ സമയം തേടി കേന്ദ്രം സുപ്രീം കോടതിയിൽ. പൂർണമായ മറുപടി നൽകാൻ ഒരാഴ്ചത്തെ സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ സർക്കാർ കോടതിയിൽ സമർപ്പിക്കുന്ന രണ്ടാമത്തെ അപേക്ഷയാണിത്.
നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ ചീഫ് ജസ്റ്റിസ് എൻ വി രമണയും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരടങ്ങിയ മൂന്നംഗ പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. അന്തിമ വാദം മെയ് അഞ്ചിന് ആരംഭിക്കുമെന്നും മാറ്റിവയ്ക്കാനുള്ള അപേക്ഷ പരിഗണിക്കില്ലെന്നും ഏപ്രിൽ 27 ന് കോടതി കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നല്കിയിരുന്നു.
അഭിപ്രായത്തിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും എന്നാൽ യോഗ്യതയുള്ള അതോറിറ്റിയുടെ അംഗീകാരം വേണമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, മുൻ മേജർ ജനറൽ എസ് ജി വോംബ്കാട്കരി, മുൻ കേന്ദ്ര മന്ത്രി അരുൺ ഷൂരി, മാധ്യമപ്രവർത്തകരായ കിഷോർചന്ദ്ര വാങ്കമേച, കനയ്യലാൽ ശുക്ല തുടങ്ങിയവരാണ് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 എ (രാജ്യദ്രോഹം) വകുപ്പിന്റെ സാധുത ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.
സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താനും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെപ്പോലും നിശ്ശബ്ദനാക്കാനും ബ്രിട്ടീഷ് സാമ്രാജ്യത്വം പടച്ച രാജ്യദ്രോഹ നിയമം ഇപ്പോഴും ഭരണകൂടങ്ങൾ തങ്ങളെ എതിർക്കുന്നവർക്കെതിരെ നിർബാധം ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി.
English summary;Sedition law; Center looking for a week
You may also like this video;