Site iconSite icon Janayugom Online

പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു

karattekaratte

സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധപരിശീലനപരിപാടി സംഘടിപ്പിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റ് വിദ്യാലയങ്ങളിലെ 7 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ പെൺകുട്ടികൾക്ക് കളരിപ്പയറ്റ്, കരാട്ടെ, കുങ്ഫു, ജൂഡോ, എയ്‌റോബിക്സ്, നീന്തൽ തുടങ്ങിയ ഇനങ്ങളിൽ സ്പോർട്സ് കൗൺസിൽ അംഗങ്ങളായ വിദഗ്ധപരിശീലകർ ക്ലാസുകൾ നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രചോദനമാകുംവിധം ഈ മേഖലകളിൽ പ്രഗത്ഭരായ പ്രാദേശിക സ്ത്രീപരിശീലകരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സ്വയം സുരക്ഷിതത്വം ഉറപ്പാക്കി ആത്മവിശ്വാസത്തോടെ മുന്നേറുവാനുള്ള ഊർജ്ജമാണ് ഇതിലൂടെ പെൺകുട്ടികൾക്ക് നൽകുന്നത്. പുലിയൂർ ഗവ. ഹയർസെക്കന്ററി സ്കൂളിലെ പെൺകുട്ടികൾക്കുള്ള കളരിപ്പയറ്റ് പരിശീലനത്തിലൂടെ പദ്ധതിയ്ക്ക് ഉപജില്ലാതലത്തിൽ തുടക്കമായി. മാന്നാർ ബ്രഹ്മോദയം കളരിയിലെ പ്രധാനപരിശീലകനും കേരള ഫോക് ലോർ അക്കാദമി യുവപ്രതിഭാപുരസ്കാരജേതാവും സാംസ്കാരികവകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് ജേതാവുമായ ശ്രീ. കെ ആർ രദീപിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. റഷ്യയിൽ സംഘടിപ്പിച്ച സാംസ്കാരിക കലാപ്രകടനവേദിയിൽ കളരിപ്പയറ്റിൽ ഇന്ത്യൻ ആർമിയെ സജ്ജമാക്കിയ രദീപിന്റെ പ്രവർത്തനമികവ് ഈ പദ്ധതിയുടെ ലക്ഷ്യപ്രാപ്തിയ്ക്ക് മാറ്റ് കൂട്ടുന്നു.
പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . എം ജി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് . സുജ രാജീവ് , ചെങ്ങന്നൂർ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ . ജി കൃഷ്‌ണകുമാർ, ബി ആർ സി ട്രെയിനർമാരായ . ബൈജു കെ, . പ്രവീൺ വി നായർ, ക്ലസ്റ്റർ കോർഡിനേറ്റർ . വി ഹരിഗോവിന്ദ്, പ്രഥമാധ്യാപിക . കെ വി മൃദുല എന്നിവർ സംസാരിച്ചു. ചടങ്ങിൽ മാന്നാർ നായർ സമാജം ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനി കുമാരി ലക്ഷ്മി ഭാസിയുടെ നേതൃത്വത്തിൽ കുട്ടികളുടെ കളരി അഭ്യാസപ്രകടനം നടന്നു.

Eng­lish Sum­ma­ry: Self defense train­ing pro­gram for girls

You may like this video also

Exit mobile version