Site iconSite icon Janayugom Online

പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത; മാതൃകയായി ചേർത്തല തെക്ക് പഞ്ചായത്ത്

പച്ചക്കറിക്ക് വില കുതിച്ചുയരുമ്പോൾ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ വിഷമയമില്ലാത്ത ജൈവ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തതയുടെ മാതൃകയായി ചേർത്തല തെക്ക് പഞ്ചായത്ത്. പ്രോത്സാഹനവുമായി വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് കൃഷി മന്ത്രി പി പ്രസാദും. പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ ഉൾപെടുത്തി നൽകിയ വിത്തും വളവും ഉപയോഗിച്ച് രണ്ടര ഏക്കറിലാണ് ഓരോ വാർഡിലും കൃഷി.

കൃഷിഭവൻ വളത്തിന് സബ്സിഡിയും നൽകി. തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി തൊഴിൽ ദിനങ്ങൾ കൂടി കിട്ടിയപ്പോൾ ലഭിച്ചത് നൂറുമേനി വിളവ്. തക്കാളിയും പച്ചമുളകും പയറും ചീരയും പീച്ചിലും പടവലവും വെണ്ടയുമെല്ലാം സുലഭമായി വിളഞ്ഞു. വിളവെടുക്കുന്ന സ്ഥലത്ത് നിന്ന് തന്നെ പച്ചക്കറികൾ വാങ്ങുവാൻ കച്ചവടക്കരുടെയും പ്രദേശവാസികളുടെയും തിരക്കാണ്. പഞ്ചായത്തിലെ 22 വാർഡുകളിലും ഒന്നിലധികം ഗ്രൂപ്പുകൾ ചേർന്നാണ് കൃഷി. ഓരോ ഗ്രൂപ്പിനും രണ്ടര ഏക്കറിന് മുകളിൽ കൃഷിഭൂമിയുണ്ട്. ഇതിൽ ഭൂരിഭാഗവും തരിശ് ഭൂമിയും ആയിരുന്നു. ചേർത്തല തെക്ക് പഞ്ചായത്തിന്റെ മുദ്രാവാക്യം ഏറെ പ്രസക്തമാണെന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.

പഞ്ചായത്തിന്റെ ഈ ശ്രമങ്ങൾ ഏറെ മാതൃകാപരം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ അധ്യക്ഷത വഹിച്ചു. എ ഡി എസ് പ്രസിഡന്റ് ഷീല സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ് പത്മം, സി ഡി എസ് പ്രസിഡന്റ് ആലീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ വിനോദ്, മുതിർന്ന കർഷകൻ മാത്യു, ഫാദർ ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version