Site icon Janayugom Online

പച്ചക്കറി ഉല്പാദനത്തിൽ കേരളം സ്വയംപര്യാപ്തത നേടും: മന്ത്രി പി പ്രസാദ്

കേരളം പച്ചക്കറി ഉല്പാദനത്തിൽ മൂന്നു വര്‍ഷത്തിനകം സ്വയം പര്യാപ്തത കൈവരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി പോഷകസമൃദ്ധി മിഷൻ എന്ന പേരിൽ ചിങ്ങം ഒന്ന് മുതൽ പച്ചക്കറി ഉൽപാദന മിഷൻ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ഹോർട്ടിക്കോർപ്പ്, വിഎഫ്പിസികെ എന്നിവയിലൂടെ ആരംഭിക്കുന്ന കർഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഓണക്കാലത്ത് പഴം പച്ചക്കറി ഉല്പന്നങ്ങൾക്ക് ബോധപൂർവ്വമായി സൃഷ്ടിക്കുന്ന വിലക്കയറ്റത്തെ തടയാൻ ഇത്തരം ഓണചന്തകൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കർഷകരിൽ നിന്നും 10 ശതമാനം കൂടുതൽ വില നൽകി സംഭരിക്കുന്ന ഉല്പന്നങ്ങൾ 30 ശതമാനം വരെ വില കുറച്ച് ഉപഭോക്താക്കൾക്ക് ഈ ചന്തകളിലൂടെ ലഭ്യമാക്കും. ലോകമാകെ കാലാവസ്ഥയിൽ വലിയമാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. മാറുന്ന കാലാവസ്ഥയ്ക്ക് അനുസൃതമായി കൃഷിരീതികളിലും മാറ്റം വരുത്തണം. വെള്ളം അറിഞ്ഞ് കൃഷി ചെയ്യണം. ജലാശയങ്ങൾ സംരക്ഷിക്കാനും നിലനിർത്താനും കഴിയണമെന്നും കൃഷി വകുപ്പ് കാർബൺ തുലിത കൃഷി രീതി പ്രോത്സാഹിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കേരളാ അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) ആരംഭിച്ചു. കേരളാഗ്രോ ബ്രാൻഡിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കാർഷിക ഉല്പന്നങ്ങളുടെ വിൽപ്പന ആരംഭിച്ചു. 100 ഉൽപന്നങ്ങൾ ആണ് ലക്ഷ്യമിട്ടതെങ്കിലും 205 ഉല്പന്നങ്ങൾ വില്പനയ്ക്ക് തയ്യാറാക്കിയതായും മന്ത്രി അറിയിച്ചു. കാബ്കോ പൂർണ സജ്ജമാകുന്നതോടെ കർഷകർക്ക് കൂടുതൽ പ്രയോജനം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപന എ എം ആരിഫ് എം പി നിർവ്വഹിച്ചു.

ചടങ്ങിൽ മുതിർന്ന കർഷകനായ സി എസ് വിദ്യാധരനെയും, മുതിർന്ന കർഷകത്തൊഴിലാളിയായ സുവർണ്ണിനിയെയും ആദരിച്ചു. ജില്ലാ കളക്ടർ ഹരിത. വി കുമാർ, നഗരസഭാധ്യക്ഷ കെ കെ ജയമ്മ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, നഗരസഭ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ എ എസ് കവിത, ഹോർട്ടികോർപ്പ് ചെയർമാൻ എസ് വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. കൃഷി വകുപ്പ് ഡയറക്ടർ ഇൻചാർജ് ജോർജ് സെബാസ്റ്റ്യൻ സ്വാഗതവും ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിത ജയിംസ് നന്ദിയും പറഞ്ഞു.

Eng­lish Sam­mury: Ker­ala will become self-suf­fi­cient in veg­etable pro­duc­tion: Min­is­ter P Prasad

Exit mobile version