Site iconSite icon Janayugom Online

കൂട്ടില്‍ക്കയറിയും സെല്‍ഫി: ആളുകളുടെ ശല്യം സഹിക്കാതെ പുലി അന്തിയുറങ്ങിയത് പൊലീസ് സ്റ്റേഷനില്‍

leopardleopard

വനംവകുപ്പ് പിടികൂടിയ പുള്ളിപ്പുലിക്കൊപ്പം സെൽഫിയെടുക്കാൻ തിക്കിത്തിരക്കിയ ആള്‍ക്കൂട്ടത്തെ കണ്ട് ഭയന്ന പുലിയെ ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഗുജറാത്തിലെ ഖജോദിലാണ് സംഭവം. വനംവകുപ്പ് പിടികൂടിയ പുലിയെ കാണാനെത്തിയവരാണ് സെല്‍ഫിക്കായി തിരക്കുകൂട്ടിയത്. ജൂലൈ 17 ന് രാത്രി ഗുജറാത്തിലെ സൂറത്ത് നഗരത്തിന് സമീപത്തുനിന്നാണ് വനംവകുപ്പ് പുള്ളിപ്പുലിയെ പിടികൂടിയത്. പുള്ളിപ്പുലിയെ പിടികൂടിയ വാര്‍ത്തയറിഞ്ഞ് 500 ഓളം ആളുകളാണ് ഇവിടെയെത്തിയത്. ആളുകൾ കൂട്ടത്തോടെ സ്ഥലത്തെത്തിയതിനാൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറെ ബുദ്ധിമുട്ടി.

ജൂലൈ 15ന് ഈ പരിസരത്തുള്ള ആടുകളെയും കോഴിയെയും പിടികൂടിയെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുള്ളിപ്പുലിയെ പിടികൂടുന്നതിന് നടപടികള്‍ ആരംഭിച്ചിരുന്നു. രാത്രിയോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെച്ച കെണിയില്‍ പുലി കുടുങ്ങി. പുലി കെണിയിലായ വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ സെല്‍ഫി എടുക്കാനായി ഇവിടെ തടിച്ചുകൂടി. കൂടിനുമുകളില്‍വരെ കയറി സെല്‍ഫിയും വീഡിയോയും എടുക്കാന്‍ ആരംഭിച്ചു. അവസാനം ഉദ്യോഗസ്ഥര്‍ കൂട് മൂടിയെങ്കിലും പൊതുജനങ്ങൾ വീഡിയോ എടുക്കുന്നത് തുടർന്നു. മറ്റൊരിടത്തേക്ക് മാറാമെന്ന് തീരുമാനിച്ചെങ്കിലും ജനക്കൂട്ടം പിന്തുടർന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

40 കിലോമീറ്റര്‍ അകലെയുള്ള ഇച്ചാ നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് പുലിയെ മാറ്റിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏകദേശം രണ്ടര വയസ്സ് പ്രായമുള്ള പെൺ പുലി ആണ് പിടിയിലായത്.

Eng­lish Sum­ma­ry: self­ie with leop­ard; ani­mal rushed to police station

You may like this video also

Exit mobile version