Site iconSite icon Janayugom Online

ഒന്നരവര്‍ഷം പിന്നിട്ടു; ചിപ്പ് ക്ഷാമത്തിന് പരിഹാരമില്ല

കോവിഡിനെത്തുടര്‍ന്ന് രൂപം കൊണ്ട സെമി കണ്ടക്ടര്‍ ചിപ്പ് ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടില്ലെന്ന് സൂചന. 2022 ലും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും വില ഇതിനാല്‍ ഉയര്‍ന്നുനില്‍ക്കുമെന്നും വിലയിരുത്തപ്പെടുന്നു. മുമ്പും പല കാരണങ്ങളാല്‍ ചിപ്പുകള്‍ക്ക് ക്ഷാമം നേരിട്ടിട്ടുണ്ടെങ്കിലും ഇത്രയും നീണ്ടുനില്‍ക്കുന്നത് ആദ്യമായാണ്. വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളും നിര്‍മ്മാണ കമ്പനികളും ഒത്തുചേര്‍ന്നിട്ടും ചിപ്പ് ഉല്പാദനത്തില്‍ വേഗം കൈവരിക്കാന്‍ സാധിച്ചിട്ടില്ല.
കോവിഡിനെത്തുടര്‍ന്ന് 2020 ആദ്യത്തോടെ ചിപ്പ് ഫാക്ടറികള്‍ അടച്ചിടേണ്ടി വന്നതോടെയാണ് ക്ഷാമം നേരിട്ടുതുടങ്ങിയത്. മൊബൈല്‍ ഫോണ്‍, ലാപ് ടോപ് തുടങ്ങിയ ഉപകരണങ്ങളുടെ വില ഉയരുന്നതിനും വിലക്കുറഞ്ഞ ഉപകരണങ്ങള്‍ ലഭ്യമാകാതിരിക്കുന്നതിനും ചിപ്പ് ക്ഷാമം കാരണമായി. 

2018, 2019 വര്‍ഷങ്ങളില്‍ ചിപ്പ് വിപണിയില്‍ തളര്‍ച്ചയായിരുന്നു നേരിട്ടത്. എന്നാല്‍ കോവിഡിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസവും വര്‍ക്ക് ഫ്രം ഹോം രീതിയും വ്യാപകമായതോടെ ഡിമാന്‍ഡ് വര്‍ധിച്ചു. 6.5 ശതമാനം വര്‍ധനയാണ് വില്പനയില്‍ ഹ്രസ്വകാലംകൊണ്ട് ഉണ്ടായത്. 2021 ല്‍ 26 ശതമാനം വര്‍ധനയും ഉണ്ടായിട്ടുണ്ട്. വാഹനനിര്‍മ്മാണത്തില്‍ വ്യാപകമായി ചിപ്പുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് കഴിഞ്ഞവര്‍ഷം മുതല്‍ ആവശ്യകത വീണ്ടും ഉയര്‍ത്തി. 2019 ല്‍ ആകെ നിര്‍മ്മിച്ചതിന്റെ നാല് ശതമാനമാണ് വാഹനങ്ങളില്‍ ഉപയോഗിക്കപ്പെട്ടതെങ്കില്‍ ഈ വര്‍ഷം ഇത് 20 ശതമാനമായി ഉയര്‍ന്നു. ചിപ്പുകള്‍ ലഭിക്കാത്ത സ്ഥിതി ഉണ്ടായത് വാഹന വിപണിയെയും ഏറെ പ്രതികൂലമായി ബാധിച്ചു. 

ചിപ്പ് നിര്‍മ്മാണത്തിന്റെ പ്രധാനകേന്ദ്രങ്ങള്‍ ദക്ഷിണ കൊറിയ, തായ് വാന്‍, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളാണ്. ഇതില്‍ 70 ശതമാനവും ദക്ഷിണകൊറിയയിലെ സാംസംഗ്, തായ് വാനിലെ ടിഎസ്എംസി കമ്പനികളുടേതാണ്. കോവിഡ് ഏഷ്യയെ ബാധിച്ചപ്പോള്‍ ലോക്ഡൗണുകളുടെ ഭാരം ചിപ്പ് ഫാക്ടറികളെയും ബാധിച്ചു. ഏറെ മുതല്‍മുടക്ക് വേണ്ടതിനാല്‍ എളുപ്പം ചിപ്പ് നിര്‍മ്മാണത്തില്‍ ഒരു കുതിപ്പുണ്ടാവുക സാധ്യമല്ലെന്ന് സാങ്കേതിക രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഇക്കാരണത്താല്‍ മൂന്നുവര്‍ഷം വരെ ചിപ്പ് പ്രതിസന്ധി നീണ്ടുനിന്നേക്കും. ടിഎസ്എംസി 100 ബില്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ ഉല്പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. സാംസംഗ് അടുത്ത മൂന്നുവര്‍ഷം കൊണ്ട് 205 ബില്യണ്‍ ഡോളര്‍ ഈ മേഖലയില്‍ ചെലവഴിക്കും. യുഎസ് ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ 95 ബില്യണ്‍ ഡോളറും ഉല്പാദനമേഖലയില്‍ നിക്ഷേപിക്കുന്നുണ്ട്.
eng­lish summary;semiconductor chip short­age that formed after covid will not be resolved soon
you may also like this video;

Exit mobile version