Site iconSite icon Janayugom Online

നൈജറിൽ സെെനിക അട്ടിമറി; ഭരണം പിടിച്ചെടുത്തെന്ന് പ്രഖ്യാപനം

പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിൽ പട്ടാള അട്ടിമറിയിലൂടെ ജനാധിപത്യ സർക്കാരിനെ പുറത്താക്കിയാതായി സൈന്യം. പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ പുറത്താക്കി രാജ്യം പിടിച്ചെടുത്തതായി പട്ടാളമേധാവി കേണൽ- മേജർ അമദു അബ്‌ദ്രാമനെ ദേശീയ ടെലിവിഷനിലൂടെ അവകാശപ്പെട്ടു.
പ്രസിഡൻഷ്യൽ ഗാർഡുമാർ രാഷ്ട്രീയ നേ­താക്കളെ ഔദ്യോഗിക വസതികളിൽ തടഞ്ഞുവച്ചിരിക്കുന്നുവെന്ന വാർത്തകള്‍ക്ക് പിന്നാലെയാണ് ഭരണം പിടിച്ചെടുത്തെന്ന പ്രഖ്യാപനവുമായി സെെന്യം രംഗത്തെത്തിയത്. ദേശീയ കൗൺസിൽ ഫോർ സേഫ്ഗാർഡിങ് ഓഫ് കൺട്രി എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘം വിദേശ ഇടപെടലുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യസുരക്ഷയിലുണ്ടായ വീഴ്ചകൾ, സാമൂഹിക‑സാമ്പത്തി­ക മേഖലകളിലെ തകർച്ച എന്നിവയെ തുടർന്നാണ് നടപടിയെന്നും അമദു അബ്‌ദ്രാം വ്യക്തമാക്കി.

മുഹമ്മദ് ബസൂമിനെ കൊട്ടാരത്തിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. അട്ടിമറി പ്രഖ്യാപിച്ച സമയത്ത് പ്രസിഡന്റ് എവിടെയായിരുന്നെന്നോ അദ്ദേഹം രാജിവച്ചോ എന്ന കാര്യങ്ങൾ ഇപ്പോഴും വ്യക്തമല്ല. അമേരിക്കയ്ക്കും മറ്റ് പാശ്ചാത്യ സഖ്യകക്ഷികൾക്കും വലിയ ആശങ്കയുണ്ടാക്കുന്നതാണ് അട്ടിമറി. അമേരിക്കയുടെ 800 സൈ­നികരും രണ്ട് ഡ്രോൺ താവളങ്ങളുമുള്ള രാജ്യമാണ് നൈ­ജർ. അതിനുപുറമെ സഹെൽ മേഖലയിൽ സ്വാധീനം വർധിച്ചുവരുന്ന അൽ‑ഖ്വയ്ദ, ഐഎസ് എന്നീ തീവ്രവാദ സംഘങ്ങളിൽ നിന്ന് മേഖലയിലെ രാജ്യങ്ങളെ സഹായിക്കാനുള്ള പാശ്ചാത്യരാജ്യ ശ്രമങ്ങളെ അട്ടിമറി കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. 

പട്ടാള അട്ടിമറി പ്രഖ്യാപിച്ച ഉടൻ തന്നെ ബസൂമിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക രംഗത്തെത്തിയിരുന്നു. നൈജറിന്റെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്ന നിലയിൽ അമേരിക്ക അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ യൂറോപ്യൻ യൂണിയന്റെ നടപടികളില്‍ സബ് സഹാറൻ മേഖലയിൽ നിന്നുള്ള പ്രധാന സഖ്യകക്ഷിയായിരുന്നു നൈജർ. ഫ്രഞ്ച് കോളനിയായിരുന്ന നെെജറില്‍, 1960ൽ സ്വതന്ത്രമായ ശേഷം നിലവിൽ വന്ന ആദ്യ ജനാധിപത്യ സർക്കാരായിരുന്നു ബസൂമിന്റേത്. രണ്ടുവർഷങ്ങൾക്ക് മുൻപാണ് ബസൂം അധികാരത്തിലേറുന്നത്. 2020ന് ശേഷം പടിഞ്ഞാറൻ, മധ്യ ആഫ്രിക്കൻ മേഖലകളിൽ നടക്കുന്ന ഏഴാമത്തെ പട്ടാള അട്ടിമറിയാണിത്.
അതേസമയം, നെെജറിലെ സർക്കാരിനെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുക്കുമെന്ന് പശ്ചിമാഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടയ്മയായ ‘ഇക്കണോമിക് കമ്മ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കൻ സ്റ്റേറ്റ്സ്’ കമ്മിഷൻ ചെ­യർമാനായ നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു പറഞ്ഞു. 

Eng­lish Sum­ma­ry: Seneca coup in Niger; The dec­la­ra­tion that the gov­ern­ment has been seized

You may also like this video

Exit mobile version