Site iconSite icon Janayugom Online

ചോദിച്ചത് പച്ചക്കറി ഭക്ഷണം, കിട്ടയത് ചിക്കന്‍ റോള്‍; മതവികാരം വ്രണപ്പെടുത്തല്‍ പ്രകാരം ആഡംബരഹോട്ടലിന് ഒരു കോടിയുടെ നഷ്ടപരിഹാര നോട്ടീസ്

ആഗ്രയിലെ പ്രശസ്തമായ ആഡംബര ഹോട്ടലില്‍ കയറിയ യുവാവിനാണ് ആവശ്യപ്പെട്ടതില്‍ നിന്ന് വിപരീതമായി ഭക്ഷണം ലഭിച്ചത്. ചോദിച്ചത് വെജിറ്റബിള്‍ റോള്‍ ആയിരുന്നു. കൊണ്ടുവന്നതാകട്ടെ, അസല്‍ ചിക്കന്‍ റോളും. സസ്യാഹാരം മോഹിച്ച് വന്ന യുവാവ് നിരാശനായി. തുടര്‍ന്നാണ് ‘മതവികാരം’ വ്രണപ്പെടുത്തി എന്നുകൂടി ആരോപിച്ച് ഹോട്ടലിനെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. അർപിത് ഗുപ്ത എന്ന യുവാവാണ് വ്യവഹാരി.

ഏപ്രിൽ 14നാണ് സംഭവം. ആഗ്രയിലെ ഫത്തേഹാബാദ് റോഡിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ സുഹൃത്തിനൊപ്പമാണ് അർപിത് എത്തിയത്. കഴിച്ചുകൊണ്ടിരിക്കെ രുചി വ്യത്യാസം തോന്നിയപ്പോൾ ജീവനക്കാരോട് അന്വേഷിച്ചപ്പോഴാണ് ചിക്കൻ റോളാണ് വിളമ്പിയതെന്ന് മനസിലായത്. ഛർദ്ദിക്കാൻ തുടങ്ങി ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിലെ പിഴവ് മറച്ചുവയ്ക്കാൻ ഭക്ഷണത്തിന്റെ ബിൽ പോലും നൽകിയില്ലെന്നും യുവാവ് ആരോപിക്കുന്നു. ഒപ്പമുണ്ടായ സുഹൃത്ത് ഹോട്ടലില്‍ നടന്നതെല്ലാം ഫോണിൽ പകർത്തിയിരുന്നു. ഹോട്ടൽ ക്ഷമാപണം നടത്തിയാൽ മാത്രം പോരെന്നും തന്റെ മതവികാരം വ്രണപ്പെടുത്തിയതിന് കർശന നടപടി വേണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.

മതവികാരം വ്രണപ്പെടുത്തൽ, ഭക്ഷ്യസുരക്ഷാ നിയമം, മലിനമായ ഭക്ഷണം വിളമ്പൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുക്കാമെന്നാണ് നിയമവിദ​ഗ്ധർ പറയുന്നത്. മൂന്ന് മുതൽ 10 വർഷം വരെ ശിക്ഷയും ലഭിക്കാം.

 

Eng­lish Sam­mury: a hot­tel served non veg­e­tar­i­an food, young man demands 1 cr com­pen­sa­tion in agra

 

Exit mobile version