Site iconSite icon Janayugom Online

ഏഴുപേരുടെ മരണം: വ്യാജ ‘ബ്രിട്ടീഷ് ’ഡോക്ടര്‍ അറസ്റ്റില്‍

മധ്യപ്രദേശിലെ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തി ഏഴു പേരെ കൊന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ രഹസ്യകേന്ദ്രത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഛത്തീസ്ഗഡ് നിയമസഭാ സ്പീക്കറായിരുന്ന രാജേന്ദ്ര പ്രസാദ് ശുക്ലയെ 2006ല്‍ ശസ്ത്രക്രിയ നടത്തി കൊന്നതും ഇയാളാണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. യുകെയില്‍ നിന്നുള്ള കാര്‍ഡിയോളജിസ്റ്റാണെന്ന് പറഞ്ഞാണ് ഇയാള്‍ കാലങ്ങളായി വിവിധ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തിരുന്നത്. ഡെറാഡൂണ്‍ സ്വദേശിയായ ജോണ്‍ കെം എന്ന പേരിലാണ് മധ്യപ്രദേശില്‍ പ്രാക്ടീസ് ചെയ്തത്. ഇയാളുടെ ശരിയായ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് എന്നാണ്. കാര്‍ഡിയോളജിസ്‌റ്റെന്ന് അവകാശപ്പെട്ട ഇയാള്‍ വിദേശത്ത് പഠനവും പ്രാക്ടീസും നടത്തിയെന്നായിരുന്നു വ്യാജരേഖകളിലൂടെ അവകാശപ്പെട്ടിരുന്നത്. 2024 ഡിസംബറിനും 2025 ഫെബ്രുവരിക്കുമിടയില്‍ ആശുപത്രിയില്‍ മരണപ്പെട്ടവരെ കുറിച്ചാണ് അന്വേഷണം. 

ഇയാളുടെ ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം രോഗികളല്ലാം മരിച്ചിരുന്നു. ജനുവരി 12നാണ് റഹീസ ബീഗം എന്ന രോഗിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതെന്ന് കുടുംബം അറിയിച്ചു. ആശുപത്രിയില്‍ കൊണ്ടുപോയി ശസ്ത്രക്രിയ നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ റഹീസ മരിച്ചു. വയറുവേദനയായി ആശുപത്രിയില്‍ എത്തിയ മംഗള്‍ സിങ്ങിന്റെ ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തിയെന്നും കണ്ടെത്തി. ഇയാള്‍ ബിജെപി അനുഭാവിയും കടുത്ത വിദ്വേഷ പ്രാസംഗികനുമാണെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ പറഞ്ഞു. യുപി മുഖ്യമന്ത്രി ആദിത്യനാഥിനെ പുകഴ്ത്തിക്കൊണ്ടുള്ളതായിരുന്നും ഇയാളുടെ സമൂഹമാധ്യമ പോസ്റ്റുകള്‍. വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കഴിഞ്ഞദിവസം സ്വമേധയാ കേസെടുത്തിരുന്നു. മധ്യപ്രദേശ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസ് അയച്ചു. മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശ പ്രകാരം അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. 

Exit mobile version