ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ മരേഡുമില്ലി പ്രദേശത്ത് സുരക്ഷാ സേന ഏഴ് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു. മരിച്ചവരെല്ലാം ഛത്തീസ്‌ഗഢിൽ നിന്നുള്ളവരാണെന്നും ഉന്നത മാവോയിസ്റ്റ് നേതാവ് ദേവ്‌ജിയും ഉൾപ്പെടുന്നതായും സൂചനയുണ്ട്. നേരത്തെ ദേവ്ജിയെ സുരക്ഷാസേന പിടികൂടിയതായി വാര്‍ത്തകളുണ്ടായിരുന്നു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്‌തുക്കളും പിടിച്ചെടുത്തതായി സംസ്ഥാന പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം ഉന്നത കമാന്‍ഡര്‍ മാധവി ഹിദ്‌മയടക്കം ആറ് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചിരുന്നു. എൻടിആർ, കൃഷ്‌ണ, ഏലൂരു, കാക്കിനട, കൊണസീമ ജില്ലകളിൽ നിന്ന് 50 പേരെ അറസ്റ്റ് ചെയ്‌തതായും ഡിജിപി മഹേഷ് ചന്ദ്ര പറഞ്ഞു.
മധ്യപ്രദേശില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹോക്ക് ഫോഴ്സ് ഇന്‍സ്‌പെക്ടര്‍ വീരമൃത്യു വരിച്ചു. 40കാരനായ ആശിഷ് ശര്‍മ്മയാണ് മരിച്ചത്. മധ്യപ്രദേശ്-ഛത്തീസ്ഗഢ്-മഹാരാഷ്ട്ര അതിര്‍ത്തിയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഢ്, മഹാരാഷ്ട്ര പൊലീസിന്റെ സംയുക്ത സംഘത്തെ നയിക്കുന്നതിനിടെ തുടയിലും വയറിലും വെടിയേല്‍ക്കുകയായിരുന്നു. വനമേഖലയില്‍ വലിയ മാവോയിസ്റ്റ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയത്. ഗുരുതര പരിക്കേറ്റ ആശിഷ് ശര്‍മ്മയെ ഛത്തീസ്ഗഢിലെ രാജ്‌നന്ദ്ഗാവ് ജില്ലയിലെ ഡോണ്‍ഗര്‍ഗഡ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സ്‌പെഷ്യല്‍ ഡിജി പങ്കജ് ശ്രീവാസ്തവ പറഞ്ഞു.

