ലോറന്‍സ് ബിഷ്ണോയ് സംഘത്തെ പൂട്ടാന്‍ രാജ്യം മുഴുവന്‍ വല വിരിച്ച് അന്വേഷണ സംഘങ്ങള്‍. ലോറന്‍സ് ബിഷ്ണോയ് സംഘത്തിലെ ഏഴുപേരെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തു.
പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രതികള്‍ പൊലീസ് പിടിയിലായത്. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിലടക്കം പങ്കുള്ളവരാണ് പിടിയിലായതെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. കൊലപാതകത്തിന്റെ പ്രധാന സുത്രധാരന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിയാണെന്ന് തിരിച്ചറിഞ്ഞ എന്‍ഐഎ ഇയാളെക്കുറിച്ച് വിവരം നല്‍കുന്ന ആളുകള്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
എന്‍ഐഎ 2022 ല്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ പ്രതിയാണ് അന്‍മോല്‍. വ്യാജ പാസ്‌പോര്‍ട്ടില്‍ രാജ്യത്തു നിന്നും കടന്ന അന്‍മോലിനെ, കഴിഞ്ഞ വര്‍ഷം കെനിയയിലും ഈ വര്‍ഷം കാനഡയിലും കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് മുന്നിലുണ്ടായ വെടിവയ്പ്പ് കേസില്‍ അന്‍മോല്‍ ബിഷ്‌ണോയിക്കെതിരെ മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വെടിവയ്പ്പിന്റെ ഉത്തരവാദിത്തം അന്‍മോല്‍ ബിഷ്‌ണോയ് ഏറ്റെടുത്തിരുന്നു. പഞ്ചാബി ഗായകന്‍ സിദ്ധുമൂസെ വാലെയുടെ കൊലപാതകത്തിലും അന്‍മോല്‍ ബിഷ്‌ണോയിക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.