ഏഴാംഘട്ട വോട്ടെടുപ്പിന് ബംഗാളില്‍ പലയിടത്തും സംഘര്‍ഷം. വോട്ടിംങ് യന്ത്രങ്ങള്‍ നശിപ്പിച്ചതായി പരാതി .വിവിപാറ്റുകള്‍ അടക്കമുള്ളവ വെള്ളത്തില്‍ എറിഞ്ഞ നിലയില്‍ കണ്ടെത്തി. വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഒരുസംഘം അക്രമികളാണ് യന്ത്രങ്ങള്‍ നശിപ്പിച്ച് കുളത്തില്‍ എറിഞ്ഞതെന്നാണ് പുറത്തുവരുന്നവിവരം. എന്നാല്‍, ഇതുമൂലം വോട്ടിങ്ങിന് തടസ്സംവന്നിട്ടില്ലെന്നും വോട്ടിങ് പുരോഗമിക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
പശ്ചിമബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ജയ്‌നഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ കുല്‍തയ് എന്ന പ്രദേശത്തെ 40, 41 നമ്പര്‍ ബൂത്തുകളിലാണ് പ്രശ്‌നമുണ്ടായത്. വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ ബഹളമുണ്ടാക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പിന്നാലെ അക്രമികള്‍ ബൂത്തുകളിലുണ്ടായിരുന്ന വിവിപാറ്റുകളും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും സമീപത്തുണ്ടായിരുന്ന കുളത്തില്‍ എറിയുകയായിരുന്നു. എന്നാല്‍, ബൂത്തുകളില്‍ വോട്ടിങ്ങിന് ഉപയോഗിച്ചിരുന്ന യന്ത്രങ്ങളല്ല അക്രമികള്‍ കുളത്തില്‍ എറിഞ്ഞതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം.
ബൂത്തില്‍ അധികമായി സൂക്ഷിച്ചിരുന്ന യന്ത്രങ്ങളാണ് കുളത്തില്‍ എറിയപ്പെട്ടത്. അതുകൊണ്ടുതന്നെ ഈ രണ്ട് ബൂത്തുകളിലും വോട്ടിങ് നടക്കുന്നതിന് നിലവില്‍ പ്രശ്‌നങ്ങളില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്ങാണ് പശ്ചിമബംഗാളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്.
പോലീസ് എഫ്ഐആര്‍ തയ്യാറാക്കി അക്രമികള്‍ക്കെതിരെ നടപടിയെടുത്തു. എന്നാല്‍, സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. പോളിങ് ഏജന്റുമാരെ കടത്തുന്നില്ലെന്നും ചില സംഘങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും മറ്റുചില സംഘങ്ങള്‍ ബൂത്ത് കയ്യേറുകയാണെന്നും ഇരുപാര്‍ട്ടികളും പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. സന്ദേശ്ഖലി പോലെയുള്ള പ്രദേശങ്ങളിലും ചെറിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സന്ദേശ്ഖാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും സാധാരണക്കാരെ ആക്രമിക്കുന്നു എന്ന് ആരോപിച്ച് വെള്ളിയാഴ്ച രാത്രി സ്ത്രീകളടക്കം മുളവടികളുമായി സ്ഥലത്ത് പ്രകടനം നടത്തിയിരുന്നു.
English Summary:
Seventh phase of polling: Clashes in many places in West Bengal; Complaints of vandalizing voting machines
You may also like this video: