Site iconSite icon Janayugom Online

ഒറ്റ രാത്രി കൊണ്ട് പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരവധി മോഷണം; പ്രതി പിടിയിൽ

ഒറ്റ രാത്രിയിൽ പൂവാട്ടുപറമ്പ് മുതൽ ചൂലൂർ വരെ പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരവധി മോഷണങ്ങൾ നടത്തിയ യുവാവിനെ മാവൂർ പൊലീസും മെഡിക്കൽ കോളജ് അസി. കമ്മിഷണർ എ ഉമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പിടികൂടി. നാടിനെ ഞെട്ടിച്ച മോഷണ പരമ്പരയിലെ പ്രതി കാരപ്പറമ്പ് കരുവിശ്ശേരി മുണ്ട്യാടിതാഴം സ്വദേശി ജോഷിത്ത് (32) ആണ് പിടിയിലായത്. 

ദിവസങ്ങൾക്ക് മുമ്പ് മാവൂർ, പെരുവയൽ, പെരുമണ്ണ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലുമാണ് ഇയാൾ മോഷണം നടത്തിയത്. ഇന്നലെ പുലർച്ചെ എരഞ്ഞിപ്പാലം കൊണ്ടൊരു നാഗത്താൻ കാവിന്റെ ഭണ്ഡാരത്തിനടുത്ത് വെച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ഭാഗത്തെ ആലുമ്പിലാക്കൽ അമ്പലത്തിൽ കവർച്ചനടത്തിയ ശേഷം പ്രതി പെരുവയൽ കട്ടയാട്ട് അമ്പലത്തിലും മോഷണം നടത്തി. ശേഷം ചെറൂപ്പയിലുള്ള ഹാർഡ് വെയർഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തി. തുടർന്ന് പ്രതി മാവൂരിലെത്തി മിൽമ ബൂത്ത് കുത്തിത്തുറന്ന് കവർച്ച നടത്തുകയായിരുന്നു. അതിന് ശേഷം സങ്കേതം കുനിയിൽ ശിവക്ഷേത്രത്തിലും മോഷണം നടത്തി. മോഷണ ശേഷം പ്രതി എരഞ്ഞിപ്പാലത്തെ രഹസ്യതാവളത്തിലേക്ക് തിരിച്ചു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ പ്രതി രഹസ്യമായി താമസിക്കുകയായിരുന്നു. കൂടാതെ പയ്യോളി, നടുവണ്ണൂർ ഭാഗങ്ങളിലെ കടകളിലും പ്രതി മോഷണം നടത്തിയതായി പൊലീസിനോട് സമ്മതിച്ചു. 

പ്രതിയെക്കുറിച്ചുള്ള സൂചനകൾ അന്നു തന്നെ പൊലീസിന് ലഭിച്ചു. പ്രതിയുടെ വ്യക്തമായ സിസിടിവി ദൃശ്യങ്ങളും മോഷണം നടന്ന കടകളിൽ നിന്നും പൊലീസ് ശേഖരിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മുമ്പും സമാനമായ മോഷണങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് പിടിയിലായ ജോഷിത്തെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് സിറ്റി, റൂറൽ, കണ്ണൂർ, മലപ്പുറം സ്റ്റേഷനുകളിൽ വാഹന മോഷണം, ബാറ്ററി മോഷണം, അമ്പല മോഷണം തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. പ്രതിയുടെ കയ്യിൽ നിന്ന് മോഷണത്തിനുപയോഗിക്കുന്ന കൈയ്യുറയും മറ്റ് ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. 

മോഷണത്തിന് മറ്റു സഹായികളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ നിർമാണ മേഖലയിൽ ജോലി ചെയ്തിരുന്ന പ്രതി മദ്യപിക്കുന്നതിനും ആർഭാട ജീവിതം നയിക്കുന്നതിനും വേണ്ടിയാണ് മോഷണം നടത്തുന്നതെന്ന് പൊലീസിനോട് സമ്മതിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ മോഷണം നടന്ന കടകളിലും ക്ഷേത്രങ്ങളിലുമെത്തിച്ച് തെളിവെടുത്തു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, എ പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, മാവൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രമേഷ് ബാബു, എസ് സി പി ഒ ഷിബു, സിപിഒ രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Exit mobile version