Site iconSite icon Janayugom Online

നവജാത ശിശുവിന് ഗുരുതര വൈകല്യം; 4 ഡോക്ടർമാർക്കെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ 4 ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. 

ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ നടത്തിയെങ്കില്‍ സ്കാനിംഗിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. സംഭവത്തില്‍ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ആരോഗ്യ വിഭാഗം ഡയറക്ടർ ഡിഎംഒയോട് റിപ്പോർട്ട് തേടി. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് ഡിഎംഒ ആവശ്യപ്പെട്ടത്. 

പ്രാഥമിക അന്വേഷണ റിപ്പോർട്ട് സൂപ്രണ്ട് ഉടൻ ഡിഎംഒയ്ക്ക് കൈമാറും, അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഡോ. പുഷ്പ പറഞ്ഞു . ആദ്യ രണ്ട് മാസത്തിലാണ് കുട്ടിയുടെ അമ്മയെ ചികിത്സിച്ചത്. ഈ കാലയളവില്‍ ശിശുവിന്റെ വൈകല്യം കണ്ടെത്താന്‍ കഴിയില്ല. അഞ്ചാം മാസത്തിലാണ് ഇതെല്ലാം തിരിച്ചറിയുന്നത്. ആ സമയത്ത് കുട്ടിയുടെ അമ്മ തന്റെ അടുത്ത് ചികിത്സയ്ക്ക് എത്തിയിട്ടില്ലെന്ന് ഡോ. പുഷ്പ പറഞ്ഞു. 

Exit mobile version