Site iconSite icon Janayugom Online

കടൽമത്സ്യങ്ങൾക്ക് കടുത്ത‍ ക്ഷാമം

ഇന്ധനവില വർധനവും മത്സ്യത്തൊഴിലാളികളുടെ ദൗർലഭ്യവും കാരണം സംസ്ഥാനത്ത് കടൽമത്സ്യങ്ങൾക്ക് ക്ഷാമം നേരിടുന്നു. ഇതിനിടെ മറുനാട്ടിൽ നിന്നും രാസവസ്തുക്കൾ ചേർത്ത മത്സ്യങ്ങൾ വൻതോതിൽ എത്തുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തിന് ഭീഷണിയാകുന്നുണ്ട്. വിവിധ ഹാര്‍ബറുകളില്‍ നിന്ന് കടലില്‍പോകുന്ന മത്സ്യത്തൊഴിലാളികളിൽ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരാണ്. ഈസ്റ്റർ ആഘോഷം കഴിഞ്ഞ് അവർ മടങ്ങിയെത്താത്തതും മത്സ്യബന്ധനം മുടങ്ങാൻ കാരണമായി. ഇതിനിടെ ഇന്ധനവില വർധന രൂക്ഷമായതോടെ തൊഴിൽ പ്രതിസന്ധി ഇരട്ടിയായി. ഇതോടെ ഭൂരിഭാഗം വള്ളങ്ങളും കരയ്ക്ക് കയറ്റി വച്ചിരിക്കുകയാണ്. നല്ല മത്സ്യങ്ങൾ വിപണിയിൽ നിന്ന് കളമൊഴിഞ്ഞതോടെ വിലക്കയറ്റവും രൂക്ഷമായി. 

ഒരു കുട്ട മത്തിക്ക് 4000 രൂപയാണ് നിലവിലെ വില. നേരത്തെ ഇത് 1800 ആയിരുന്നു. 4000 രൂപയുണ്ടായിരുന്ന അയലക്കിപ്പോൾ 5000 രൂപയായി. ഏജന്റുമാരുടെ പ്രവർത്തനങ്ങളും വിപണിയെ സ്വാധീനിക്കുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയിരുന്നു. 

നിലവിൽ തമിഴ്‌നാട്ടിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് ആവശ്യമായ മത്തി എത്തുന്നത്. കുളച്ചലിൽ നിന്ന് കേരയും മറ്റും കിട്ടാറുണ്ട്. വാള, കേര, പരവ, ചൂര തുടങ്ങിയ മീനുകൾ കൂടുതലായി വരുന്നത് മഹാരാഷ്ട്രയിലെ മുംബൈ, രത്നഗിരി, കർണാടകയിലെ മംഗളുരു, മലപ്പ, ഗോവയിലെ വാസ്കോ തുടങ്ങിയ തുറമുഖങ്ങളിൽ നിന്നാണ്. ബോട്ട് ഇറങ്ങാത്തതു കൊണ്ട് ഇപ്പോൾ അവിടെ നിന്നു മീൻ വരുന്നില്ല. അടുത്ത മാസം കന്യാകുമാരിയിലെ കുളച്ചലിൽ മത്സ്യബന്ധനം തുടങ്ങുമെന്നും കേരയും അയലയുമൊക്കെ എത്തിത്തുടങ്ങുമെന്നും വ്യാപാരികൾ പറയുന്നു.

മത്സ്യക്ഷാമം കണക്കിലെടുത്ത് ചിലർ വൻതോതിൽ വാങ്ങി സ്റ്റോക്ക് ചെയ്യും. വിറ്റതിന്റെ ബാക്കി കോൾഡ് സ്റ്റോറേജിൽ കയറ്റും. മീൻ ചീഞ്ഞുപോകാതിരിക്കാൻ ഫോർമാലിൻ അടക്കമുള്ള രാസവസ്തുക്കൾ ചേർക്കും. മീൻ പിടിത്തം കുറയുമ്പോഴും മഴക്കാലത്തും ഉത്സവ സീസണുകളിലുമാണ് ഇവ ഉപയോഗിക്കുന്നത്. അപ്പോഴേക്കും മാസങ്ങളുടെ പഴക്കം ഉണ്ടായിരിക്കും. സൂക്ഷിച്ച് വെയ്ക്കുന്ന ഐസിൽ പോലും രാസവസ്തുക്കൾ ചേർക്കുന്നുണ്ട്. ഐസ് അലിയാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പലഘട്ടങ്ങളിലാണ് മത്സ്യങ്ങളിൽ രാസവസ്തു പ്രയോഗം നടക്കുന്നത്. 

മത്സ്യം കിട്ടിയാലുടൻ ബോട്ടിലെ ശീതീകരണ സംവിധാനത്തിലേക്കു മാറ്റും. ബോട്ടിലെ ശീതീകരണ സംവിധാനത്തിന് മീൻ കേടു കൂടാതെ സൂക്ഷിക്കാൻ പരിധിയുണ്ട്. അതുകൊണ്ട് ചിലർ രാസവസ്തുക്കൾ ബോട്ടിൽ വച്ചു തന്നെ മത്സ്യങ്ങളിൽ ചേർക്കും. കരയിലെത്തിച്ച ശേഷം പല ഘട്ടങ്ങളിൽ രാസപ്രക്രിയയിലൂടെ കടന്നുപോയ ശേഷമാണ് ചില മീനുകൾ തീൻമേശയിലെത്തുക. ആന്ധ്രയിൽ നിന്നുള്ള മത്സ്യങ്ങൾ മൂന്ന് നാല് ദിവസം കഴിഞ്ഞാണ് കേരളത്തിൽ എത്തുന്നതെന്നും മത്സ്യത്തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു. മത്സ്യങ്ങളിൽ രാസമാലിന്യം കലർന്നിട്ടുണ്ടോയെന്ന് തിരിച്ചറിയാൻ ഇതര സംസ്ഥാനങ്ങളിലെത്തുന്ന മത്സ്യങ്ങൾ ചെക്ക്പോസ്റ്റുകളിൽ പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്. 

Eng­lish Summary:Severe short­age of marine fish
You may also like this video

Exit mobile version