ലൈംഗിക ആരോപണങ്ങൾ മാനസികമായി തകർത്തുവെന്നും നിയമപോരാട്ടം തുടരുമെന്നും നടൻ ജയസൂര്യ. ”തീർത്തും അപ്രതീക്ഷിതമായാണ് എനിക്ക് നേരെ രണ്ട് വ്യാജ പീഡന ആരോപണങ്ങൾ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയെയും പോലെ എന്നെയും അത് തകർത്തു. എന്റെ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തി. എന്നെ ചേർത്ത് നിർത്തിയ ഓരോരുത്തർക്കും അത് വല്ലാത്തൊരു മുറിവായി, വേദനയായി. മരവിപ്പുകൾക്ക് ഒടുവിൽ ഞാൻ നിയമ വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തി. ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിച്ചുകൊള്ളും”- ഒരു മാസത്തോളമായി കുടുംബസമേതം അമേരിക്കയിലുള്ള ജയസൂര്യ തന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഫേസ്‌ബുക്കിൽ കുറിച്ചു.
ആർക്കും ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്കു നേരെയും എപ്പോൾ വേണമെങ്കിലും ഉന്നയിക്കാം. മനഃസാക്ഷി ഇത്തിരി പോലും ബാക്കിയാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡന ആരോപണം നേരിടേണ്ടി വരുന്നതും എന്ന് ഓർക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്കും നുണ ലോകസഞ്ചാരം പൂർത്തിയാക്കും എന്നാണല്ലോ. എങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കും എന്ന് സുനിശ്ചിതമാണ്. ഇവിടത്തെ ജോലികൾ കഴിഞ്ഞ ഉടൻ ഞാൻ തിരിച്ചെത്തുമെന്നും നിരപരാധിത്വം തെളിയാൻ ഉള്ള നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം കുറിച്ചു .