Site iconSite icon Janayugom Online

ലൈംഗിക വിദ്യാഭ്യാസം ചെറുപ്പം മുതലേ നൽകണം; നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

ലൈംഗിക വിദ്യാഭ്യാസം 9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ മാത്രം നൽകിയാൽ പോരെന്നും, അത് ചെറുപ്രായം മുതൽ തന്നെ കുട്ടികളെ പഠിപ്പിക്കേണ്ടതാണെന്നും സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. ഉത്തർപ്രദേശിലെ ഒരു പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെട്ട പോക്സോ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ സുപ്രധാന അഭിപ്രായം രേഖപ്പെടുത്തിയത്. ഈ കേസിൽ, ബാലനീതി ബോർഡ് നിശ്ചയിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാനമാക്കി 15 വയസ്സുകാരനായ പ്രതിയെ വിട്ടയക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.

കേസ് പരിഗണിക്കുന്ന വേളയിൽ, ഉത്തർപ്രദേശിലെ സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം എങ്ങനെയാണ് നൽകുന്നതെന്ന വിഷയത്തിൽ സുപ്രീം കോടതി സത്യവാങ്മൂലം തേടിയിരുന്നു. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലാണ് നിലവിൽ ലൈംഗിക വിദ്യാഭ്യാസം നൽകുന്നതെന്നായിരുന്നു ഇതിന് സർക്കാർ നൽകിയ മറുപടി. ഇത് പരിഗണിച്ചാണ് ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. “ഒൻപതാം ക്ലാസ് മുതലുള്ള കുട്ടികൾക്കല്ല ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടത്. പകരം, ചെറുപ്പം മുതലേ ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നാണ് ഞങ്ങളുടെ അഭിപ്രായം,” ബെഞ്ച് വ്യക്തമാക്കി.

Exit mobile version