നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിന്റെയും ഇടവേള ബാബുവിന്റെയും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിക്കുക. പ്രതികളുടെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം കോടതി വിശദമായ വാദം കേട്ടിരുന്നു.ആലുവ സ്വദേശിനിയായ നടിയുടെ പരാതി വ്യാജമെന്നാണ് മുകേഷിന്റെ വാദം. പരാതിയുമായി ഇപ്പോൾ വന്നതിനു പിന്നിൽ മറ്റു പല ലക്ഷ്യങ്ങളുണ്ടെന്നും പണം ആവശ്യപ്പെട്ട് തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമം നടത്തിയെന്നും മുകേഷ് വാദിച്ചിട്ടുണ്ട്.
അതേസമയം, മുകേഷിന് ജാമ്യം നൽകാതെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുള്ളത്. മുകേഷ്, ഇടവേള ബാബു, അഡ്വ. വി എസ് ചന്ദ്രശേഖരന്‍ എന്നിവർക്കെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുകേഷിനെതിരെ ഗുരുതര ആരോപണമാണ് ജൂനിയർ ആർട്ടിസ്റ്റ് ഉന്നയിച്ചത്. ‘കലണ്ടര്‍’ എന്ന സിനിമയുടെ സെറ്റിൽവച്ചാണ് മുകേഷിനെ പരിചയപ്പെടുന്നത്.
വൈറ്റിലയിൽ ഫ്ലാറ്റുണ്ട്. വരണമെന്നാണ് മുകേഷ് പറഞ്ഞത്. ‘നാടകമേ ഉലകം’ എന്ന വിജി തമ്പിയുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്റെ അടുത്ത മുറിയിലായിരുന്നു മുകേഷ് താമസിച്ചിരുന്നത്. മുറിയില്‍ വന്ന് വാതിലില്‍ മുട്ടി. പിന്നീട് അകത്തേക്ക് കയറി. എന്നെ കിടക്കയിലേക്ക് ബലമായി പിടിച്ച് കിടത്തി. പെട്ടെന്ന് തന്നെ താൻ അവിടെനിന്നും ഓടി രക്ഷപ്പെട്ടെന്നും ജൂനിയർ ആർട്ടിസ്റ്റ് ആരോപിച്ചിരുന്നു. മറ്റൊരിക്കൽ കാറിൽ മുകേഷിനൊപ്പം ലൊക്കേഷനിലേക്ക് പോകുന്നതിനിടെ കടന്നുപിടിച്ചു. സ്വകാര്യ ഭാഗങ്ങളിലടക്കം ബലമായി സ്പർശിച്ചെന്നും നടി പറഞ്ഞു. കാറിൽനിന്നും പുറത്തേക്ക് ചാടുമെന്ന് പറഞ്ഞപ്പോൾ വാഹനം നിർത്തിയെന്നും ക്ഷമ ചോദിച്ചതായും അവർ വെളിപ്പെടുത്തി . അന്ന് എതിർത്തതിന്റെ പേരിൽ അമ്മയിലെ തന്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നും ജൂനിയർ ആർട്ടിസ്റ്റ് ആരോപിച്ചിരുന്നു.