മലപ്പുറം വളാഞ്ചേരിയിൽ ബസിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കുറ്റിപ്പുറം തൃക്കണ്ണാപുരം സ്വദേശി ഷക്കീർ(35) ആണ് അറസ്റ്റിലായത്. ബസിൽ വെച്ച് ഇയാൾ ഉപദ്രവിച്ചപ്പോൾ ബസ് ജീവനക്കാർ സഹായിച്ചില്ലെന്ന് വിദ്യാർത്ഥിനി പരാതിപെട്ടിരുന്നു. പെൺകുട്ടി കോളജിലേക്ക് പോകുന്നതിനിടെ ബസിൽ വെച്ചാണ് അതിക്രമം നേരിട്ടത്.
വട്ടപ്പാറ എത്തിയപ്പോഴാണ് ബസിൽ ഉണ്ടായിരുന്ന ഒരാൾ പെൺകുട്ടിയോട് വളരെ മോശമായി പെരുമാറുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്തത്. കുട്ടി ബഹളം വെക്കുകയും എതിർക്കുകയും ചെയ്തതോടെ കണ്ടക്ടർ ബസിലെ മുൻ ഭാഗത്തുനിന്നും പിൻഭാഗത്തെ സീറ്റിലേക്കി ഇയാളെ മാറ്റിയിരുത്തുകയായിരുന്നു. തൊട്ടടുത്ത സ്റ്റോപ്പ് എത്തിയതോടെ പ്രതി ബസിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. പെൺകുട്ടി പിന്നീട് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. തുടർന്ന് മലാല എന്ന ബസും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ഇറങ്ങിപ്പോയ പ്രതി ആരെണെന്ന് കണ്ടെത്താൻ അന്ന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

