Site iconSite icon Janayugom Online

ആർഎസ്എസ് ശാഖയിൽ ലൈംഗിക പീഡനം; ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ച് യുവാവ് ആത്മഹ ത്യ ചെയ്തു

ആർഎസ്എസ് ശാഖയിൽ, പ്രവർത്തകരിൽ നിന്നും നിരന്തരമായി ലൈംഗിക പീഡനങ്ങൾക്ക് ഇരയായി എന്ന് എഴുതിവെച്ച് യുവാവ് ജീവനൊടുക്കി. കോട്ടയം തമ്പലക്കാട് സ്വദേശിയായ അനന്തുവാണ് ആത്മഹത്യ ചെയ്തത്. ആർഎസ്എസ് എന്ന സംഘടനയിൽ നിന്നും പ്രവർത്തകരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകളും പീഡനങ്ങളും വിശദമാക്കുന്ന കുറിപ്പ്, മരണശേഷം പുറത്തുവരുന്ന രീതിയിൽ അനന്തു ഇൻസ്റ്റാഗ്രാമിൽ ഷെഡ്യൂൾ ചെയ്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. 

നാല് വയസ്സുള്ളപ്പോൾ ഒരാൾ തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും, തുടർന്ന് ആർഎസ്എസ് എന്ന സംഘടനയിലെ പലരിൽ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും യുവാവ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. നിരന്തരം ബലാത്സംഗം ചെയ്ത വ്യക്തി കാരണം തനിക്ക് ഒ സി ഡി, പാനിക് അറ്റാക്ക് എന്നിവ ഉണ്ടായെന്നും യുവാവ് വെളിപ്പെടുത്തി. “തനിക്ക് ജീവിതത്തിൽ ഇത്രയധികം വെറുപ്പുള്ള മറ്റൊരു സംഘടനയില്ല” എന്നും, “ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസ് പ്രവർത്തകനെ സുഹൃത്താക്കരുത്” എന്നുമാണ് അനന്തു കുറിപ്പിൽ പറയുന്നത്. അച്ഛനോ, സഹോദരനോ, മകനോ ആണെങ്കിൽ പോലും അവരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കണമെന്നും, അത്രയ്ക്ക് വിഷം കൊണ്ടുനടക്കുന്നവരാണ് ആർഎസ്എസുകാരെന്നുമാണ് യുവാവിന്റെ ഗുരുതരമായ ആരോപണം. ഈ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version