Site iconSite icon Janayugom Online

ലൈംഗീക പീഡനം: പ്രജ്വലിന്റെ മുന്‍കൂര്‍ ജാമ്യം തള്ളി

ലൈംഗിക പീഡനക്കേസുകളില്‍ പ്രതിയായി രാജ്യം വിട്ട ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളി. ജനപ്രതിനിധികൾക്കെതിരായ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് ജാമ്യ ഹര്‍ജി തള്ളിയത്.
അതേസമയം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാകുമെന്നാണ് പ്രജ്വല്‍ രേവണ്ണ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞിരുന്നത്. 

ഇയാള്‍ ബംഗളൂരുവിലെത്തിയാലുടൻ അറസ്റ്റ് ചെയ്യുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. ജര്‍മനിയിലെ മ്യൂണിക്കില്‍നിന്ന് ബംഗളൂരുവിലേക്ക് പ്രജ്വല്‍ ടിക്കറ്റ് ബുക്ക് ചെയ്തതായാണ് റിപ്പോർട്ടുകൾ. ഇന്ന് പുലർച്ചെ 1:30 ന് ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമെന്നാണ് വിവരം. 

പ്രജ്വല്‍ വിമാനമിറങ്ങിയലുടൻ അറസ്റ്റ് ചെയ്യുന്നതിനായി എസ്ഐടിയുടെ ഒരു സംഘം വിമാനത്താവളത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ലുക്കൗട്ട് നോട്ടീസ് ഉള്ളതിനാൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് എസ്ഐടിക്ക് കൈമാറും. അതേസമയം, പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ സർക്കാർ നടപടി ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. പ്രജ്വൽ ഇന്ത്യയിൽ എത്തിയില്ലെങ്കിൽ പാസ്‌പോർട്ട് റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചിട്ടുണ്ട്. 

Eng­lish Summary:Sexual harass­ment: Pra­jwal’s antic­i­pa­to­ry bail rejected
You may also like this video

Exit mobile version