Site icon Janayugom Online

ഏകാധിപത്യ രാഷ്ട്രീയ നിലപാട് എസ്എഫ്ഐ അവസാനിപ്പിക്കണം: മഹേഷ് കക്കത്ത്

സംഘടനയുടെ അംഗബലം നോക്കി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന എസ്എഫ്ഐയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. എൽഡിഎഫ് മുന്നണിയിൽ അംഗബലം ആരും നോക്കാറില്ല. രാജ്യത്തെ ചെറുതും വലുതുമായ രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ച് ബിജെപിയ്ക്കും സംഘപരിവാറിനെതിരെ സമരം നടത്തുമ്പോഴാണ് എസ്എഫ്ഐ ഒറ്റയ്ക്ക് മത്സരിക്കുന്നതും മറ്റുള്ള ഇടതുപക്ഷ സംഘടനകളെ ക്യാമ്പസിൽ അടിച്ചമർത്തുന്നതുമെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുൻമന്ത്രി എ കെ ബാലൻ അടിയന്തിരാവസ്ഥക്കാലത്ത് സംഘപരിവാർ സംഘടനകൾക്കൊപ്പം സമരം നടത്തുകയും ജയിലിൽ കിടക്കുകയും ചെയ്ത കാര്യം അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജാതി പറഞ്ഞും അംഗബലം ഇല്ലെന്ന് ആക്ഷേപിച്ചും കൂട്ടായ പ്രക്ഷോഭം നടത്തേണ്ട ഇടതു പാർട്ടികളെ മാറ്റി നിർത്തി എസ്എഫ്ഐ ഒറ്റയ്ക്ക് ക്യാമ്പസുകളിൽ ആധിപത്യത്തിന് ശ്രമിക്കുന്നതെന്നും മഹേഷ് കക്കത്ത് അഭിപ്രായപ്പെട്ടു. 

കോളജുകളിൽ മത്സരിക്കുന്നതിന് എത്തുന്ന വിദ്യാർത്ഥികളെ പൂട്ടിയിട്ടും ഭീഷണിപ്പെടുത്തിയും എസ് എഫ് ഐ പയറ്റുന്നത് രാജ്യത്ത് സംഘപരിവാറും ബിജെപിയും നടത്തുന്ന അതേ നിലപാടുകളാണെന്നും കേരളത്തിലെ ക്യാമ്പസുകളിൽ എല്ലാ സംഘടനകൾക്കും പ്രവർത്തന സ്വാതന്ത്യം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ ഷാജഹാൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി നൗഷാദ് അധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ പി സന്ദീപ്, പ്രിൻസ് മാത്യു, സംസ്ഥാനസമിതി അംഗം ഒ കെ സെയ്തലവി എന്നിവർ സംസാരിച്ചു. 

ENGLISH SUMMARY:SFI must end dic­ta­to­r­i­al polit­i­cal stance: Mahesh Kakkath
You may also like this video

Exit mobile version