കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് എംഎസ്എഫ്, മുസ്ലീം ലീഗ് സംഘം അട്ടിമറിക്കുന്നതായി എസ്എഫ്ഐ. യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളജുകളിൽ തെരഞ്ഞെടുപ്പ് നടത്താതെ എംഎസ്എഫ്, ലീഗ് സംഘത്തിന് താത്പര്യമുള്ള നോമിനികൾക്ക് യുയുസി സ്ഥാനം നൽകിയാണ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി പി എം ആർഷോ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളജുകളിലാണ് ഇത്തരം പ്രവണത കൂടുതലായി കാണുന്നത്. മാനേജ്മെന്റിനുകൂടി താത്പര്യമുള്ള എംഎസ്എഫ്, ലീഗ് സംഘത്തെ യൂണിവേഴ്സിറ്റി കൗൺസിലർമാരായി ഇവർ പ്രഖ്യാപിക്കുകയാണ്. എംഎസ്എഫും ലീഗും നൽകുന്ന കത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്താത്ത കോളജുകളിലെ വിദ്യാർത്ഥികളെ കൗൺസിലർമാരായി മാനേജ്മെന്റ് പ്രഖ്യാപിക്കുന്നത്.
ഇതിനെതിരേ 70ഓളം പരാതികൾ വിവിധ കോളജുകളിൽ നിന്നായി യൂണിവേഴ്സിറ്റി അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടാത്ത 40ഓളം യുയുസിമാരാണ് കാലിക്കറ്റിന്റെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇത് വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശത്തെ ഹനിക്കുന്നതാണ്. ഇത്തരം പരാതികൾ പരിശോധിച്ച് സർവകലാശാല നടപടി സ്വീകരിക്കണമെന്നും ആർഷോ ആവശ്യപ്പെട്ടു. ഹരിപ്പാട് സംഭത്തിൽ വനിത പ്രവർത്തകയ്ക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്ക് ഇതുവരെ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സംസ്ഥാന ജോ. സെക്രട്ടറി കെ വി അനുരാഗ്, ജില്ലാ പ്രസിഡന്റ് വി താജുദീൻ എന്നിവരും സംബന്ധിച്ചു.
English Summary: SFI says MSF is subverting university elections
You may also like this video