Site icon Janayugom Online

എസ്എഫ്ഐ കിണറ്റിലകപ്പെട്ട തവളയുടെ അവസ്ഥയിലേക്ക് മാറരുത്: എഐഎസ്എഫ്

എസ്എഫ്ഐ കിണറ്റിലകപ്പെട്ട തവളയുടെ അവസ്ഥയിലേക്ക് മാറരുതെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുണ്‍ബാബു. കേരളം വിട്ടാല്‍ എസ്എഫ്ഐയുടെ അവസ്ഥയെന്തെന്ന് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തോട് ചോദിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ. തങ്ങളുടെ കൊടിയിലെ ആലേഖനങ്ങളുടെ അര്‍ത്ഥം പ്രവര്‍ത്തകര്‍ക്ക് മനസിലാക്കിക്കൊടുക്കാന്‍ നേതൃത്വം തയാറാകണമെന്നും അരുണ്‍ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനമെന്ന് മേനി നടിക്കുന്ന എസ്എഫ്ഐയുടെ അക്രമം ആദ്യത്തെ സംഭവമല്ല. രണ്ട് വര്‍ഷം മുന്‍പ് യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഭവങ്ങളില്‍ നിന്നും പാഠം പഠിക്കാതെയാണ് ഇപ്പോള്‍ എംജി സര്‍വകലാശാല വരെ ഇത്തരം അക്രമങ്ങള്‍ എത്തി നില്‍ക്കുന്നത്. കലാലയങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ജനാധിപത്യമില്ല. അത് എസ്എഫ്ഐക്ക് വേണ്ടിയുള്ള ഫാസിസ്റ്റ് പ്രവണതകളിലേക്ക് മാറ്റപ്പെടുകയാണ്. ഒരു നാണയത്തിന്റെ ഇരുവശങ്ങളായി എസ്എഫ്ഐയും എബിവിപിയും മാറുകയാണ്. ഇന്ത്യയിലെ മറ്റ് ക്യാമ്പസുകളില്‍ സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ചെയ്യുന്നത് തന്നെയാണ് കേരളത്തില്‍ എസ്എഫ്ഐയും ചെയ്യുന്നത്. 

എംജി സര്‍വകലാശാല തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ പ്രകോപനപരമായ പെരുമാറ്റമാണ് എസ്എഫ്ഐ നടത്തിയത്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗമായ അരുണ്‍ കെ എമ്മിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. ഋഷിരാജ്, നിമിഷാ രാജു, അമല്‍ അശോകന്‍, നന്ദു ജോസഫ് ഉള്‍പ്പടെയുള്ള എഐഎസ്എഫ് നേതാക്കന്‍മാരെ യാതൊരു പ്രകോപനവും കൂടാതെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഒരു പെണ്‍കട്ടിക്ക് നേരെയുണ്ടാകാന്‍ പാടില്ലാത്ത സംഭവങ്ങളും എസ്എഫ്ഐയുടെ ഭാഗത്തു നിന്നുമുണ്ടായി. ജാതീയ അധിക്ഷേപവും അസഭ്യവുമൊക്കെയാണോ എസ്എഫ്ഐയുടെ സംസ്കാരമെന്നും അരുണ്‍ബാബു ചോദിച്ചു. 

കലാലയങ്ങളിലെ മറ്റുള്ളവരെ ആക്രമിക്കുന്ന സംസ്കാരം എസ്എഫ്ഐ ഒഴിവാക്കണം. പെണ്‍കുട്ടിക്ക് നേരെ അക്രമം നടത്തിയിട്ട് തെറ്റുപറ്റിയെന്ന് തുറന്നുപറയാനോ മറുപടി പറയാനോ എസ്എഫ്ഐ തയാറായിട്ടില്ല. പ്രസ്താവനയിറക്കിക്കൊണ്ട് അക്രമത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിനാകില്ല. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പരസ്പരം കൊമ്പുകോര്‍ക്കരുതെന്ന ധാരണ തെറ്റിച്ചത് ആരാണെന്നും, എന്താണ് ഇപ്പോള്‍ എഐഎസ്എഫിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നതെന്നും അരുണ്‍ബാബു ചോദിച്ചു.

ഇരവാദമുന്നയിച്ച് നിലനില്‍ക്കേണ്ട ഗതികേട് എഐഎസ്എഫിന് ഇല്ല. മലര്‍പൊടിക്കാരന്റെ സ്വപ്നമാണ് എസ്എഫ്ഐക്കുള്ളത്. എഐഎസ്എഫിന്റേത് കള്ള പ്രചരണമെന്ന തരത്തില്‍ പ്രചരിക്കുന്ന ചാറ്റ് സ്ക്രീന്‍ ഷോട്ടുകള്‍ പോലും ചില ഭാഗങ്ങള്‍ മാത്രം എഡിറ്റ് ചെയ്ത് സൃഷ്ടിച്ചവയാണ്. വിശദമായ ചാറ്റ് വിവരങ്ങള്‍ പരിശോധിച്ചാല്‍ അത് മനസിലാകും. എഐഎസ്എഫ് പിന്നോട്ടില്ല, കേസുമായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് പുറത്തെ കലാലയങ്ങളില്‍ അക്രമങ്ങള്‍ നടക്കുമ്പോള്‍ കൊടിയെടുത്ത് പ്രതിഷേധത്തിനിറങ്ങുന്ന എസ്എഫ്ഐ ഇവിടെ ഫാസിസ്റ്റ് പ്രവണതകള്‍ പിന്തുടരുന്നത് അപഹാസ്യമാണ്. എസ്എഫ്ഐയുടെ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ നേതാക്കന്മാര്‍ വി പി സാനുവിനോട് ചോദിച്ച് മനസിലാക്കണെമന്നും അരുണ്‍ബാബു പറഞ്ഞു. എഐഎസ്എഫ് ജോയിന്റ് സെക്രട്ടറി ആര്‍ എസ് രാഹുല്‍രാജും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry : sfi should not be like a frog trapped in a well says aisf state secretary

You may also like this video :

Exit mobile version